KeralaNEWS

സുധാകരന്റെ തെറി; രാജി ഭീഷണി മുഴക്കി വിഡി സതീശൻ; ഇടപെട്ട് കെ സി വേണുഗോപാല്‍ 

ആലപ്പുഴ:  സമരാഗ്നി പരിപാടിക്കിടയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ രോഷാഗ്നി.

പത്രസമ്മേളനത്തില്‍ വൈകിയെത്തിയ പ്രതിപക്ഷ നേതാവിനെതിരെ  കെപിസിസി പ്രസിഡന്റിന്റെ അസഭ്യ വർഷം ഉണ്ടായി. മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തിയിട്ട് പ്രതിപക്ഷനേതാവ് എവിടെയെന്ന്  ചോദിക്കുന്നതിനിടയിലാണ് അസഭ്യവർഷം ഉണ്ടായത്.

Signature-ad

കൂടുതല്‍ പ്രതികരണം തടഞ്ഞത് ഒപ്പമുണ്ടായിരുന്ന നേതാക്കളാണ്.മൈക്ക് ഓണാണെന്നും ക്യാമറയുണ്ടെന്നും ഓര്‍മിപ്പിച്ച്‌ ഷാനിമോള്‍ ഉസ്മാനടക്കമുള്ള നേതാക്കള്‍ സുധാകരനെ കൂടുതല്‍ സംസാരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു.

എന്നാൽ വിവരം അറിഞ്ഞ വിഡി സതീശൻ മാധ്യമങ്ങളെ കാണാൻ തയ്യാറായില്ല. ഇതോടെ കെ സുധാകരൻ ഒറ്റയ്ക്ക് മാധ്യമപ്രവര്‍ത്തകരെ കണ്ട് വിശദീകരണം നല്‍കുകയായിരുന്നു.

ഇതിനിടെ പ്രതിഷേധം വിഡി സതീശൻ എഐസിസി നേതൃത്വത്തെ അറിയിച്ചു.കെസി വേണുഗോപാല്‍ പ്രശ്ന പരിഹാരത്തിനായി ഇടപെട്ടുവെങ്കിലും സതീശൻ വഴങ്ങിയില്ല. ഇരു നേതാക്കളോടും സംയുക്ത വാര്‍ത്താ സമ്മേളനം വിളിക്കാൻ എഐസിസി നേതൃത്വം നിര്‍ദ്ദേശിച്ചുവെങ്കിലും വിഡി സതീശൻ മാധ്യമങ്ങളെ കാണാനും തയ്യാറായില്ല.

കെപിസിസിയുടെ സമരാഗ്നി യാത്രയുടെ ഭാഗമായ വാർത്താസമ്മേളനം ആലപ്പുഴയില്‍ വിളിച്ചത് രാവിലെ പത്ത് മണിക്കായിരുന്നു. 10.28ന് കെ സുധാകരൻ സ്ഥലത്തെത്തി. എന്നാല്‍ പ്രതിപക്ഷ നേതാവ് എത്തിയില്ല. ഡിസിസി അധ്യക്ഷൻ ബാബു പ്രസാദിനോട് വിളിച്ചു നോക്കാൻ സുധാകരൻ ആവശ്യപ്പെട്ടു. പിന്നെയും 20 മിനിറ്റ് കാത്തിരുന്നിട്ടും സതീശൻ എത്തിയില്ല. ഇതോടെയാണ് സുധാകരൻ കുപിതനായി ഇയാളിതെവിടെ പോയി കിടക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് അസഭ്യം പറഞ്ഞത്.

കെപിസിസി അധ്യക്ഷന്റെ നീരസം വാർത്തയായതോടെ ആലപ്പുഴയിലെ മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാൻ പോയതിനാലാണ് വി ഡി സതീശൻ വൈകിയത് എന്ന വിശദീകരണവുമായി നേതാക്കള്‍ എത്തി.  നേരത്തെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനിടെ വാർത്താ സമ്മേളനത്തില്‍ ആദ്യം ആര് സംസാരിക്കും എന്നതിനെ ചൊല്ലി ഉണ്ടായ വിവാദങ്ങള്‍ കെട്ടടങ്ങും മുൻപാണ് ഇരുവരും തമ്മിലുള്ള ഭിന്നത വീണ്ടും പരസ്യമാകുന്നത്.

Back to top button
error: