ആലപ്പുഴ: പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരെ അസഭ്യവാക്ക്പ്രയോഗിച്ച സംഭവത്തില്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തി കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്റെ വിശദീകരണം. താന്‍ പറഞ്ഞതതിനെ മാധ്യമങ്ങള്‍ വളച്ചൊടിച്ചു. തന്റെ ഭാഗത്ത് പാളിച്ചയില്ല. അതിനാല്‍ മാപ്പ് പറയില്ല. മാധ്യമങ്ങള്‍ തന്നോടാണ് മാപ്പ് പറയേണ്ടതെന്നും സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വി.ഡി. സതീശനും താനും തമ്മില്‍ ജ്യേഷ്ഠാനുജന്മാരെ പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ആലപ്പുഴ ഡി.സി.സിയുടെ ഒരു ഉദ്ഘാടന കര്‍മ്മം അദ്ദേഹത്തിന് (വി.ഡി. സതീശന്) നിര്‍വ്വഹിക്കാനുണ്ടായിരുന്നു. വൈ.എം.സി.എയുടെ ചടങ്ങ്. അതിന് പോയതുകൊണ്ടാണ് അദ്ദേഹം വൈകിയത്. ഏറെ വൈകിയിട്ടൊന്നുമില്ല. അഞ്ച് മിനിറ്റ് കഴിയുമ്പോഴേക്ക് അദ്ദേഹം വന്നു. ഞാനൊരു കാര്യം പറയാം. ഐ ആം വെരി സ്ട്രെയിറ്റ് ഫോര്‍വേഡ്. എവിടെയും ആരുടെ മുമ്പിലും ഞാന്‍ നേരെ ചൊവ്വെ വാ എന്ന് പറയുന്ന ആളാണ്. എനിക്ക് അതിലൊന്നും വളഞ്ഞ ബുദ്ധി ഇല്ല. നേരെ ചൊവ്വെ ഞാന്‍ നിങ്ങളോട് പറയും, നിങ്ങള്‍ക്കും എന്നോട് നേരെ ചൊവ്വെ പറയാം. നിങ്ങള്‍ (മാധ്യമങ്ങള്‍) ഇങ്ങനെയൊരു പ്രചരണം കൊടുക്കുന്നത് ഒരിക്കലും ശരിയല്ല. യാഥാര്‍ത്ഥ്യവുമായി നിരക്കാത്തതാണത്.’ -സുധാകരന്‍ പറഞ്ഞു.
”സതീശനും ഞാനും തമ്മില്‍ ജ്യേഷ്ഠാനുജന്മാരെ പോലെ തന്നെയാണ്. ഇത്രയും ദിവസങ്ങള്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നില്ലേ. എന്നോടൊപ്പമോ ഒരുപക്ഷേ എന്നെക്കാളേറെയോ ‘സമരാഗ്‌നി’ ജാഥയ്ക്ക് അദ്ദേഹമാണ് മുന്‍കൈയെടുത്തതും ഓടിനടന്നതും. എനിക്ക് അതൊന്നും മറക്കാന്‍ കഴിയില്ല. അങ്ങനെയൊരാളായ സതീശനെ തള്ളിപ്പറയാനോ മോശമാക്കാനോ ജീവിതത്തില്‍ എനിക്ക് കഴിയില്ല. അതുകൊണ്ട് സതീശനും ഞാനും തമ്മില്‍ അഭിപ്രായവ്യത്യാസമില്ല. അദ്ദേഹത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്.” -കെ.പി.സി.സി. പ്രസിഡന്റ് വ്യക്തമാക്കി.
”അവിടെ ഞാന്‍ നിങ്ങള്‍ക്ക് (മാധ്യമങ്ങള്‍ക്ക്) വേണ്ടിയാണ് ഒരുവാക്ക് പറഞ്ഞത്. ‘മാധ്യമങ്ങളോട് നമ്മള്‍ മര്യാദ കാണിക്കണം’ എന്നാണ് ഞാന്‍ പറഞ്ഞത്. മാധ്യമപ്രവര്‍ത്തകരാണ് ഈ വിവാദമുണ്ടാക്കിയത്. ഞാന്‍ പറഞ്ഞതൊന്നുമല്ല നിങ്ങള്‍ എഴുതിയത്. എന്റെ പക്കല്‍ തെളിവുണ്ട്. സതീശന്‍ രാജിഭീഷണി മുഴക്കിയിട്ടില്ല. ഈ വിഷയത്തില്‍ എ.ഐ.സി.സി. ഇടപെട്ടിട്ടില്ല.” -സുധാകരന്‍ പറഞ്ഞു.
ശനിയാഴ്ച രാവിലെയാണ് വിവാദമായ സംഭവമുണ്ടായത്. ‘സമരാഗ്നി’യുടെ ഭാഗമായി ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനായി വി.ഡി. സതീശന്‍ എത്താന്‍ വൈകിയതാണ് സുധാകരനെ പ്രകോപിപ്പിച്ചത്. സതീശനെതിരെ സുധാകരന്‍ തെറിവാക്ക് പറഞ്ഞപ്പോള്‍, മൈക്ക് ഓണാണെന്നും ക്യാമറയുണ്ടെന്നും ഓര്‍മിപ്പിച്ച് ഷാനിമോള്‍ ഉസ്മാനടക്കമുള്ള നേതാക്കള്‍ സുധാകരനെ കൂടുതല്‍ സംസാരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.