KeralaNEWS

കണ്ണൂരില്‍ മയക്കുവെടിവെച്ച് പിടികൂടിയ കടുവ ചത്തു; ചത്തത് തൃശൂര്‍ മൃഗശാലയിലേക്കു മാറ്റുമ്പോള്‍

കണ്ണൂര്‍: റിസര്‍വ് വനമേഖലയ്ക്കു സമീപത്തുള്ള ജനവാസകേന്ദ്രമായ പന്നിയാംമലയില്‍ മയക്കുവെടിവെച്ച് പിടികൂടിയ കടുവ ചത്തു. തൃശൂര്‍ മൃഗശാലയിലേക്കു കൊണ്ടുവരുന്ന വഴി അര്‍ധരാത്രിയോടെയാണ് കടുവ ചത്തത്. കടുവയുടെ പോസ്റ്റ്മോര്‍ട്ടം വയനാട് പൂക്കോടു വച്ച് നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അര്‍ധരാത്രി 12നും ഒരു മണിക്കും ഇടയില്‍ കോഴിക്കോടുവച്ച് കടുവ ചത്തതായാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ അന്വേഷണത്തിന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ ചുമതലപ്പെടുത്തി.

രാവിലെ ആറിനും ഏഴിനും ഇടയില്‍ തൃശ്ശൂര്‍ മൃഗശാലയില്‍ കടുവയെ എത്തിക്കുമെന്നായിരുന്നു മൃഗശാല അധികൃതരെ അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ മൃഗശാല സൂപ്രണ്ടും മറ്റുജീവനക്കാരും കടുവയെ കൊണ്ടുവന്നാല്‍ ചികിത്സിക്കുന്നതിനും പാര്‍പ്പിക്കുന്നതിനും ഉള്‍പ്പടെയുളള സൗകര്യങ്ങള്‍ തയ്യാറാക്കിയിരുന്നു. ആറുമണിയോടെ കണ്ണൂരിലെ വനംവകുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോഴാണ് കടുവ ചത്തതായി വിവരം ലഭിച്ചത്.

Signature-ad

പന്നിയാംമലയില്‍ മുള്ളുവേലിയില്‍ കുടുങ്ങിയ നിലയിലാണ് ഇന്നലെ രാവിലെ കടുവയെ കണ്ടെത്തിയത്. പിന്നീട് 6 മണിക്കൂറിനു ശേഷം മയക്കുവെടി വച്ച് പിടികൂടി കൂട്ടിലടച്ചു. കടുവയെ തൃശൂരിലേക്ക് കൊണ്ടു പോകുമെന്ന് ഡിഎഫ്ഒ പി.കാര്‍ത്തിക് ജനപ്രതിനിധികള്‍ക്ക് രേഖാമൂലം ഉറപ്പ് നല്‍കിയിരുന്നു. കണ്ണവം വനത്തിലേക്ക് കൊണ്ടുപോകാന്‍ വനം വകുപ്പ് ശ്രമിച്ചപ്പോള്‍ ജനപ്രതിനിധികളും നാട്ടുകാരും ശക്തമായി പ്രതിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് രാത്രി 8.45ന് കടുവയുമായി വനംവകുപ്പ് സംഘം തൃശൂരിലേക്ക് തിരിക്കുകയായിരുന്നു.

കഴിഞ്ഞദിവസം പുലര്‍ച്ചെ നാലരയോടെ, റബര്‍ ടാപ്പിങ്ങിനു പോയവരാണു പന്നിയാംമല ആദിവാസി കോളനി റോഡരികില്‍ കടുവയെ കണ്ടത്. ടോര്‍ച്ചിന്റെ പ്രകാശത്തില്‍ കടുവയെ കണ്ട അവര്‍ ഭയന്നു തിരിച്ചോടി. നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ വനംവകുപ്പും പൊലീസും സ്ഥലത്ത് എത്തി.

കൃഷിയിടത്തിന്റെ സുരക്ഷയ്ക്കായി നിര്‍മിച്ച, മുളളുകളുള്ള കമ്പിവേലിയില്‍ മുന്‍ഭാഗത്തെ വലതുകാല്‍ കുടുങ്ങിക്കിടക്കുന്ന നിലയിലാണു കടുവയെ കണ്ടെത്തിയത്. റോഡരികില്‍ കിടന്ന കടുവ ആളനക്കം ഉണ്ടായതോടെ റോഡിനോടു ചേര്‍ന്നുള്ള മണ്‍തിട്ടയിലേക്കു ചാടിക്കയറാന്‍ ശ്രമിച്ചെങ്കിലും അവശനായി നിലത്തുവീണു.

എടൂര്‍ സ്വദേശിയുടെ കൃഷിയിടത്തിലാണു കടുവയെ കണ്ടെത്തിയത്. രാവിലെ 11ന് മയക്കുവെടി വച്ചു. മയങ്ങിക്കിടന്ന കടുവയെ വലകൊണ്ടു പൊതിഞ്ഞ ശേഷം, മുള്ളുവേലി മുറിച്ചുമാറ്റി. അര മണിക്കൂറിനകം കൂട്ടിലടച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ, മുള്ളുവേലി മുറുകി കടുവയുടെ കാലില്‍ നേരിയ മുറിവേറ്റിട്ടുണ്ട്.

Back to top button
error: