വിഷം അകത്ത് ചെന്ന് എസ്എസ്എൽസി വിദ്യാർഥിനി മരിച്ചു. സംഭവത്തിൽ അധ്യാപകനെ അറസ്റ്റ് ചെയ്തു. മംഗ്ളുറു ബെൽത്തങ്ങാടി താലൂക്ക് പരിധിയിലെ സ്കൂളിൽ പഠിക്കുന്ന 15 കാരിയാണ് മരിച്ചത്. ഡ്രോയിംഗ് അധ്യാപകനായ രൂപേഷ് ആണ് അറസ്റ്റിലായത്.
ഫെബ്രുവരി 7നാണ് വിഷം അകത്ത് ചെന്ന നിലയിൽ പെൺകുട്ടിയെ മംഗ്ളൂറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിനെ തുടർന്ന്, 2 ദിവസം മുമ്പ് വിദഗ്ധ ചികിത്സയ്ക്കായി ബെംഗ്ളൂറിലെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയ്ക്കിടെ ഇന്നലെ (ചൊവ്വ)യാണ് മരണം സംഭവിച്ചത്.
പെൺകുട്ടി പഠിക്കുന്ന സ്വകാര്യ വിദ്യാലയത്തിലെ ഡ്രോയിംഗ് അധ്യാപകനാണ് രൂപേഷ്. പെൺകുട്ടിയെ കുറിച്ചുള്ള അപകീർത്തികരമായ സന്ദേശം മറ്റൊരു വിദ്യാർഥിക്ക് ഇയാൾ അയച്ചുകൊടുത്തിരുന്നു എന്നാണ് ആരോപണം. വിദ്യാർഥിനിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
സമാനമായ ഒരു സംഭവം രണ്ടാഴ്ച മുമ്പ് കാസർകോട് ബദിയടുക്ക പൊലീസ് സ്റ്റേഷന് പരിധിയില്‍ സംഭവിച്ചിരുന്നു. ‘സുഹൃത്താ’യ യുവാവിൻ്റെ നിരന്തര ഭീക്ഷണിയെ തുടർന്ന് എലിവിഷം കഴിച്ച് 16കാരി വിദ്യാർഥിനി ജീവനൊടുക്കി.
കാസർകോട് സ്വദേശി അന്‍വർ (24) എന്ന യുവാവാണ് കഥയിലെ വില്ലൻ. സമൂഹ മാധ്യമത്തിലൂടെയാണ് ഇരുവരും’സൗഹൃദ’ത്തിലായത്. ഈ വിവരം അറിഞ്ഞ ബന്ധുക്കൾ പെണ്‍കുട്ടിയെ പിന്തിരിപ്പിക്കാന് ശ്രമം നടത്തിയിരുന്നു. തുടർന്ന് അന്‍വറിനോട് ഇനി തന്നെവിളിക്കരുതെന്ന് പറഞ്ഞ് പെൺകുട്ടിഫോണ് ബ്ലോക് ചെയ്തു. എന്നാൽ സ്കൂളിൽ പോകുന്ന സമയത്ത് അൻവർ വഴി തടഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു എന്ന് പെൺകുട്ടിയുടെ പിതാവ് പറയുന്നു. പിതാവിനെ കൊല്ലുമെന്നും കുടുംബത്തിലെ മറ്റൊരു പെൺകുട്ടിയുടെ വിവാഹം മുടക്കുമെന്നുമൊക്കെ അൻവർ ഭീഷണിപ്പെടുത്തിയിരുന്നുവത്രേ. ഒടുവിൽ പെൺകുട്ടി ജീവനൊടുക്കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ബദിയഡുക്ക പൊലീസ് പോക്സോ നിയമ പ്രകാരം കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ അന്‍വറിനെ ബെംഗ്ളൂറിൽ നിന്നാണ് പിടികൂടിയത്.