FoodLIFE

നാരങ്ങാവെള്ളം നല്ലതാണ്; സോഡ അപകടവും

ചൂടുകാലത്ത് ക്ഷീണം മാറാൻ ആളുകള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് നാരങ്ങാ വെള്ളത്തെയാണ്.വെള്ളവും അരമുറി നാരങ്ങയും പിന്നെ അല്‍പം പഞ്ചസാരയോ ഉപ്പോ ചേർന്നാല്‍ നാരങ്ങാവെള്ളം റെഡി.

ഒരു ദാഹശമനി എന്നതിലുപരിയായി നാരങ്ങ സമ്മാനിക്കുന്ന ആരോഗ്യം ചെറുതല്ല.നാരാങ്ങാവെള്ളം കേവലമൊരു ശീതളപാനീയം മാത്രമല്ല, അതൊരു ഉത്തമ ഹെല്‍ത്ത് ഡ്രിങ്ക് കൂടിയാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഏതു പ്രായക്കാർക്കും മികച്ചൊരു ദാഹശമനിയാണ് നാരങ്ങാവെള്ളം.പ്രത്യേകിച്ച്‌ വേനല്‍ക്കാലത്തു ക്ഷീണം, തളർച്ച, ജലാംശനഷ്ടം എന്നിവയ്ക്കുള്ള ഉത്തമ പ്രതിവിധിയും.

ശരീരത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ മൂലകങ്ങളും ഉപ്പും ജലാംശവും നഷ്ടപ്പെടുന്നത് വേനല്‍ക്കാലത്താണ്. നാരങ്ങാവെള്ളം കുടിക്കുന്നത് ഈ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാണ്.ദഹനത്തെ സഹായിക്കുന്ന കാര്യത്തിലും നാരങ്ങയ്ക്കു പങ്കുണ്ട്. കുടലിന്റെ സൂക്ഷ്മമായ ചലനങ്ങളെ ഉത്തേജിപ്പിക്കുകവഴി ഭക്ഷണം ആഗിരണം ചെയ്യാനും സഹായകരമാണ്.

 മലിനവസ്തുക്കളുടെ വിസർജനത്തെയും നാരങ്ങാനീരിലെ ഘടകങ്ങള്‍ സഹായിക്കും. നാരങ്ങയിലെ പെക്ടിക് ഫൈബറുകള്‍ കുടലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കും. ഇത്തരം ഫൈബറുകള്‍ അമിതമായ വിശപ്പ് നിയന്ത്രിക്കുകയും കൂടുതല്‍ കലോറികള്‍ ഉണ്ടാകുന്നതു തടയുകയും ചെയ്യും. അണുക്കളെ നശിപ്പിക്കാനുള്ള ഇവയുടെ കഴിവും അപാരമാണ്. ശരീരത്തിന്റെ പിഎച്ച്‌ നില നിലനിർത്താനും നാരങ്ങയിലെ പോഷകങ്ങള്‍ക്കു കഴിവുണ്ട്.

എന്നാല്‍ സോഡ ഒഴിച്ചുള്ള നാരാങ്ങാവെള്ളം വേണ്ടെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. സോഡ ചേർത്ത് നാരങ്ങാവെള്ളം താല്‍ക്കാലികമായി ദാഹത്തെ ശമിപ്പിക്കുമെങ്കിലും ഇതു കാർബണേറ്റഡ് ഡ്രിങ്ക്സിന്റെ അതേ ഫലമാണു നല്‍കുന്നതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.പകരം തേനോ മിന്റോ ഇഞ്ചിയോ ചേർത്ത് നാരങ്ങാവെള്ളത്തിന്റെ രുചികൂട്ടാം.

നോട്ട്: വൃക്കരോഗികളും ഡയാലിസിസിനു വിധേയരാകുന്നവരും നാരങ്ങ ഉപയോഗിക്കാൻ പാടില്ല. നാരങ്ങയിലെ പൊട്ടാസ്യത്തിന്റെ സാന്നിധ്യമാണ് ഇതിനു കാരണം. അതുപോലെ സിട്രിക് ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ അസിഡിറ്റിയുടെ പ്രശ്നമുള്ളവർ നാരങ്ങാവെള്ളം നിയന്ത്രിക്കണം.

Back to top button
error: