പട്ന: ബിഹാര്‍ എന്‍.ഡി.എ സര്‍ക്കാരില്‍ മന്ത്രിസഭാ വികസന ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരുടെ വകുപ്പ് വിഭജനത്തില്‍ തീരുമാനം ഉടനുണ്ടാകും. നിതീഷ് കുമാറിന്റെ എന്‍.ഡി.എ പ്രവേശനത്തില്‍ ‘ഇന്‍ഡ്യ’ മുന്നണിയില്‍ തര്‍ക്കങ്ങള്‍ക്കും സാധ്യതയുണ്ട്. ഇന്നലെയാണ് മഹാഗഡ്ബന്ധന് സര്‍ക്കാരിനെ പൊളിച്ചു നിതീഷ് കുമാര്‍ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിച്ചത്. നിതീഷ് കുമാരനൊപ്പം എട്ടു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരുടെ വകുപ്പ് വിഭജനത്തില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും എന്നാണ് സൂചന. മന്ത്രിസഭാ വികസനം സംബന്ധിച്ചും എന്‍ഡിഎ നേതാക്കള്‍ ചര്‍ച്ച നടത്തുകയാണ്. ജെഡിയു എന്‍ഡിഎ യിലേക്ക് മടങ്ങി എത്തിയതോടെ ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകളിലേക്കും നേതാക്കള്‍ കടന്നിട്ടുണ്ട്. ചിരാഗ് പാസ്വാനും കേന്ദ്ര മന്ത്രി പശുപതി പരസും നേതൃത്വം നല്കുന്ന ലോക് ജന ശക്തി പാര്‍ട്ടികളുമായും ബി.ജെ.പി ചര്‍ച്ച നടത്തും.
ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച നേതാവ് ജിതിന് റാം മാഞ്ചിയുമായും മുന്‍ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹയുമായി ബി.ജെ.പി ആശയ വിനിമയം നടത്തുന്നുണ്ട്. ആര്‍ജെഡി – കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുകള്‍ ബിജെപിക്ക് നല്‍കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 2025 ല്‍ നിതീഷ് കുമാറിന് കേന്ദ്രത്തില്‍ പ്രധാന റോള്‍ നല്‍കാനും ചര്‍ച്ചകള്‍ സജീവമാണ്.
അതേസമയം, നിതീഷിന്റെ എന്‍ഡിഎ പ്രവേശനത്തെ ചൊല്ലി വരാന്‍ പോകുന്ന ഇന്‍ഡ്യ സഖ്യ യോഗത്തില്‍ കൂടുതല്‍ പൊട്ടിത്തെറികള്‍ക്ക് സാധ്യതയുണ്ട്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനോ കണ്‍വീനറെ നിശ്ചയിച്ച് സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനോ സഖ്യത്തിന് കഴിഞ്ഞില്ല. ആര്‍ജെഡി, ജെഎംഎം, ഡിഎംകെ, ഇടത് പാര്‍ട്ടികള്‍, ചില ചെറിയ പ്രാദേശിക പാര്‍ട്ടികള്‍ മാത്രമാണ് നിലവില്‍ ഇന്‍ഡ്യ സഖ്യത്തില്‍ കോണ്‍ഗ്രസിന് ഒപ്പം ദേശീയ തലത്തില്‍ ഉറച്ചു നില്‍ക്കുന്നത്. എഎപി, എസ്പി, തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടികളുമായി കോണ്‍ഗ്രസ് ബന്ധം ഊഷ്മളമല്ല.