KeralaNEWS

കോട്ടയത്ത് ഇടത് കോട്ടകാക്കാന്‍ ചാഴികാടന്‍ തന്നെ; അനിലിനെ ഇറക്കാന്‍ എന്‍ഡിഎ

കോട്ടയം: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ആരവം കേട്ടുതുടങ്ങിയതോടെ കോട്ടയം സീറ്റില്‍ മത്സരത്തിനു കളമൊരുക്കി മുന്നണികള്‍. യുഡിഎഫില്‍ സ്ഥാനാര്‍ഥി ആരെന്നു തീരുമാനമായില്ലെങ്കിലും കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചുമരെഴുത്തിനു തുടക്കമിട്ടു കഴിഞ്ഞു. സ്ഥാനാര്‍ഥിയുടെ പേര് എഴുതാതെയും ചിഹ്നം വരയ്ക്കാതെയുമാണു ചുമരെഴുത്ത്.

എന്നാല്‍, കേരള കോണ്‍ഗ്രസില്‍ ഒട്ടേറെപ്പേര്‍ സീറ്റിനായി രംഗത്തിറങ്ങിയതു യുഡിഎഫ് നേതൃത്വത്തിനു തലവേദന സൃഷ്ടിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും കേരള കോണ്‍ഗ്രസ് നേതാക്കളായ പി.ജെ.ജോസഫ്, മോന്‍സ് ജോസഫ് എന്നിവരുമായി ഇന്നു ചര്‍ച്ച നടത്തുന്നുണ്ട്.

Signature-ad

മോന്‍സ് ജോസഫിനെയാണു സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നേതൃത്വം ആഗ്രഹിച്ചതെങ്കിലും പാര്‍ലമെന്റിലേക്കു മത്സരിക്കാനില്ലെന്ന നിലപാടിലാണു മോന്‍സ്. അതോടെ ചര്‍ച്ചകള്‍ ഇടുക്കി മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജിലേക്കു പോയി. നേരത്തേതന്നെ മോന്‍സിന്റെയും ഫ്രാന്‍സിസ് ജോര്‍ജിന്റെയും പേരുകള്‍ കേരള കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച ചെയ്തിരുന്നു. ഫ്രാന്‍സിസ് ജോര്‍ജിനാണു നിലവില്‍ നേതൃത്വം മുന്‍ഗണന നല്‍കുന്നത്. പ്രിന്‍സ് ലൂക്കോസിന്റെ പേരും ചര്‍ച്ചകളിലുണ്ട്. ഇതിനിടെ സീറ്റിനായി അവകാശവാദം ഉന്നയിച്ച് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ രംഗത്തെത്തി. കെ.എം.മാണിയുടെ മരുമകന്‍ എം.പി.ജോസഫ്, കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.സി.തോമസ് എന്നിവരുടെ പേരുകളും ചര്‍ച്ചകളില്‍ നിറഞ്ഞിട്ടുണ്ട്.

അനില്‍ ആന്റണിയുടെ പേരാണു ബിജെപി നേതൃത്വം കോട്ടയം പാര്‍ലമെന്റ് സീറ്റിലേക്കു സജീവമായി പരിഗണിക്കുന്നത്. ജില്ലയില്‍ നിന്നുള്ള മറ്റു നേതാക്കളുടെ പേരുകളും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Back to top button
error: