തൃശൂര്‍: ബിജെപി നടത്തുന്ന ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സമ്മേളനത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി. കൊച്ചിയില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമാണ് കുട്ടനെല്ലൂരില്‍ എത്തിയത്. തുടര്‍ന്നു റോഡ് മാര്‍ഗം തൃശൂരിലേക്ക്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയരിക്കുന്നത്. കേന്ദ്രമന്ത്രി വി മുരളീധരന്, സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്, സുരേഷ് ഗോപി ഉള്‍പ്പടെ നിരവധി നേതാക്കള്‍ മോദിയെ സ്വീകരിക്കാനായെത്തി.
ജനറല്‍ ആശുപത്രി പരിസരത്തു നിന്നു തുടങ്ങുന്ന റോഡ് ഷോ തെക്കേ ഗോപുരനട, മണികണ്ഠനാല്‍, നടുവിലാല്‍ എന്നിവിടങ്ങളിലൂടെ ഒരു കിലോമീറ്റര്‍ സഞ്ചരിച്ച് നായ്ക്കനാലിലെ സമ്മേളന വേദിയിലെത്തും. മൂന്നിനു തേക്കിന്‍കാട് മൈതാനത്തു നടക്കുന്ന സമ്മേളനത്തില്‍ രണ്ടുലക്ഷം വനിതകളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. കേന്ദ്രമന്ത്രിമാരും ദേശീയ നേതാക്കളും അണിനിരക്കുന്ന വേദിയില്‍ സുരേഷ് ഗോപിയുമുണ്ടാകും
നടി ശോഭന, ക്രിക്കറ്റ് താരം മിന്നുമണി, മറിയക്കുട്ടി എന്നിവര്‍ മോദിക്കൊപ്പം വേദി പങ്കിടും. ചടങ്ങില്‍ വ്യവസായി ബീനാ കണ്ണന്, പത്മശ്രീ സോസമ്മ ഐപ്പ്, സാമുഹ്യ പ്രവര്‍ത്തക ഉമാ പ്രേമന് എന്നിവരും പങ്കെടുക്കും. 4.30നു റോഡ് മാര്‍ഗം തിരികെ കുട്ടനെല്ലൂരിലെത്തി ഹെലികോപ്റ്ററില്‍ നെടുമ്പാശേരിയിലേക്കു തിരിക്കും.
മൂവായിരത്തോളം പൊലീസ് സേനാംഗങ്ങളെയാണു സുരക്ഷാ ചുമതലകള്‍ക്കു വേണ്ടി നഗരത്തില്‍ വിന്യസിച്ചിട്ടുള്ളത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാര്‍, ഉത്തരമേഖല ഐജി കെ സേതുരാമന്, റേഞ്ച് ഐജി എസ് അജിതാ ബീഗം തുടങ്ങിയവര്‍ നഗരത്തില്‍ ക്യാംപ് ചെയ്തു മേല്‍നോട്ടം വഹിക്കുന്നുണ്ട്. അക്കാദമി അസി. ഡയറക്ടര്‍ ഐശ്വര്യ ഡോംഗ്രെയുടെ നേതൃത്വത്തില്‍ ആയിരത്തോളം വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ തേക്കിന്‍കാട് വലയം ചെയ്യും.