CrimeNEWS

നവകേരള സദസില്‍ മുഖ്യമന്ത്രിയെ ‘തിരുത്താന്‍’ ശ്രമം; അതേ യുവാവ് കത്തിക്കുത്ത് കേസില്‍ അറസ്റ്റില്‍

കൊല്ലം: നവകേരള സദസ്സിന്റെ ഭാഗമായി പുനലൂരില്‍ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ കനത്ത പൊലീസ് സുരക്ഷ ഭേദിച്ചു ബാരിക്കേഡ് മറികടന്നു വേദിക്കു സമീപത്തേക്കു പാഞ്ഞടുത്തു പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ കത്തിക്കുത്തുകേസില്‍ പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കരവാളൂര്‍ നരിക്കല്‍ ഹരിലാല്‍ (33) ആണു പിടിയിലായത്.

കഴിഞ്ഞ ദിവസം പുനലൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് സമീപം ഇടമണ്‍ ലക്ഷംവീട് വലിയവിള പടിഞ്ഞാറ്റേതില്‍ വീട്ടില്‍ ഷാജഹാനെ കുത്തിപരുക്കേല്‍പ്പിച്ച കേസിലാണു ഹരിലാല്‍ പിടിയിലായതെന്നു പൊലീസ് പറഞ്ഞു. ബസ് സ്റ്റാന്‍ഡിന് സമീപം വച്ച് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായി. ഇതേ തുടര്‍ന്നു ഹരിലാല്‍ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ചു ഷാജഹാനെ ഗുരുതരമായി കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.

Signature-ad

പിങ്ക് പൊലീസിന്റെ വാഹനം ആക്രമിച്ചത് ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ഹരിലാല്‍ എന്നും പൊലീസ് അറിയിച്ചു. പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

18നു പുനലൂരില്‍ നവകേരളസദസ്സില്‍ പ്രസംഗിക്കവെ മുഖ്യമന്ത്രി, ‘ഈ പരിപാടി (നവകേരള സദസ്സ്) ഏതെങ്കിലും മുന്നണികള്‍ക്ക് എതിരല്ല. ഏതെങ്കിലും മുന്നണികള്‍ക്ക് അനുകൂലമോ അല്ല. ഈ പരിപാടി നാടിനു വേണ്ടിയാണ്. ഈ പരിപാടി ജനങ്ങള്‍ക്ക് വേണ്ടിയാണ്’ എന്നു പറഞ്ഞപ്പോള്‍ ‘അല്ല.. അല്ല’ എന്ന പറഞ്ഞാണ് ബാരിക്കേഡ് കടന്ന് ഹരിലാല്‍ മുഖ്യമന്ത്രിയുടെ മുന്നിലേക്ക് എത്തിയത്.

അന്ന് ഹരിലാലിനെ പൊലീസ് പിടികൂടി സ്റ്റേഡിയത്തിന്റെ പിന്‍ഭാഗത്തുള്ള റോഡിലേക്കു കൊണ്ടുപോവുകയും ഈ സമയം നവ കേരളസദസ്സിന്റെ ബനിയന്‍ ധരിച്ച വൊളന്റിയര്‍മാര്‍ ഹരിലാലിനെ പൊലീസിന്റെ സാന്നിധ്യത്തില്‍ കൈകാര്യം ചെയ്യുകയും ആയിരുന്നു. ഹരിലാലിനെ പിന്നീട് കരുതല്‍ തടങ്കലായി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചശേഷം നവകേരള സദസ് അവസാനിച്ച ശേഷം വിട്ടയച്ചിരുന്നു.

 

Back to top button
error: