ന്യൂഡല്‍ഹി: ഇന്ത്യക്കാരടക്കം 303 യാത്രക്കാരുമായി പറന്ന ചാര്‍ട്ടേര്‍ഡ് വിമാനം ഫ്രാന്‍സില്‍വെച്ച് തടഞ്ഞതായി റിപ്പോര്‍ട്ട്. മനുഷ്യക്കടത്ത് സംശയിച്ചാണ് വിമാനം ഫ്രാന്‍സ് തടഞ്ഞുവെച്ചിരിക്കുന്നതെന്ന് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്യുന്നു. യു.എ.ഇയില്‍ നിന്ന് നിക്കാരാഗ്വയിലേക്ക് പറന്ന വിമാനമാണ് ഫ്രാന്‍സില്‍ വെച്ച് തടഞ്ഞുവെച്ചിരിക്കുന്നത്.
ലെജന്‍ഡ് എയര്‍ലൈന്‍സ് എന്ന റുമേനിയന്‍ കമ്പനിയുടെ എ-340 ചാര്‍ട്ടേര്‍ഡ് വിമാനമാണ് തടഞ്ഞുവെച്ചിരിക്കുന്നത്. ഇന്ധനം നിറക്കാനായി ഇറങ്ങിയപ്പോഴായിരുന്നു ഫ്രാന്‍സ് അധികൃതര്‍ തടഞ്ഞുവെച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ലഭിക്കുന്ന വിവരം.
സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും എംബസി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി യാത്രക്കാരുടെ ക്ഷേമം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസി എക്സില്‍ കുറിച്ചു.