ആലപ്പുഴ: വിദേശനമ്പരില്നിന്ന് യൂത്ത് കോണ്‍ഗ്രസ് വനിതാനേതാവിന് മൊബൈല്‍ഫോണ്‍വഴി അശ്ലീലദൃശ്യങ്ങള്‍ അയച്ച പ്രതി അറസ്റ്റില്‍. മലപ്പുറം അമരമ്പലം തെക്ക് മാമ്പൊയില്‍ ഏലാട്ടുപറമ്പില്‍ ഷമീര്‍ (35) ആണ് കായംകുളം പോലീസിന്റെ പിടിയിലായത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബുവിന്റെ പരാതിയിലാണ് അറസ്റ്റ്.
തന്റെ മൊബൈല്‍ ഫോണിലേക്ക് ഷമീര്‍ നിരന്തരമായി വീഡിയോ കോള്‍ വിളിച്ചുവെന്നും പിന്നീട് അശ്ലീലദൃശ്യങ്ങള്‍ അയച്ചെന്നുമാണ് അരിതാ ബാബുവിന്റെ പരാതി. ഖത്തറില്‍ ജോലിചെയ്തിരുന്ന പ്രതിയെ സംഭവത്തെത്തുടര്‍ന്ന് കമ്പനി അധികൃതര്‍ പിരിച്ചുവിട്ടിരുന്നു. അറസ്റ്റുചെയ്ത പ്രതിയെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
അതേസമയം, ആണ്, പെണ് വ്യത്യാസമില്ലാതെ, സമാന സാഹചര്യത്തിലൂടെ കടന്നുപോകുന്ന എല്ലാവര്‍ക്കുമായാണ് പരാതി നല്കിയതും അതില്‍ ഉറച്ചു നിന്നതുമെന്ന് അരിത ബാബു വ്യക്തമാക്കി. ഈ സംഭവത്തെക്കുറിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ഇടുകയും പരാതി നല്‍കുകയും ചെയ്തതിനു പിന്നാലെ, ഒരുപാടു പേര് വിളിച്ച് സമാനമായ അനുഭവം നേരിട്ടതിനെക്കുറിച്ചും പ്രതികരിക്കാനാകാതെ പോയതിനെക്കുറിച്ചും തുറന്നുപറഞ്ഞതായി അരിത വെളിപ്പെടുത്തി.
പ്രതി ഷമീര്‍ സിപിഎമ്മുകാരനാണ് എന്നാണ് മലപ്പുറത്തെ പാര്‍ട്ടി അനുഭാവികളില്‍നിന്ന് അറിയാന്‍ കഴിഞ്ഞതെന്നും, ഇങ്ങനെ ചെയ്തതിനു പിന്നില്‍ രാഷ്ട്രീയമുണ്ടോയെന്ന് അറിയില്ലെന്നും അരിത പ്രതികരിച്ചു.