KeralaNEWS

പിസി എടുക്കുമോ പത്തനംതിട്ട? ക്രൈസ്തവരെ ലക്ഷ്യമിട്ട് ബി.ജെ.പിയുടെ പുതിയ നീക്കം

പത്തനംതിട്ട: പിസി ജോര്‍ജ് പത്തനംതിട്ടയില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വൈകാതെ വിരാമമായേക്കും. പിസി ജോര്‍ജിന്റെ കേരള ജനപക്ഷം (സെക്യുലര്‍) പാര്‍ട്ടി ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയില്‍ ചേരാനുള്ള തയ്യാറെടുപ്പിലാണ്. എന്‍ഡിഎയുമായി ജനപക്ഷം സഹകരിക്കുന്നതോടെ അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പിസി സ്വന്തം പാര്‍ലമെന്റ് മണ്ഡലമായ പത്തനംതിട്ടയില്‍ മത്സരിച്ചേക്കുമെന്നാണ് അഭ്യൂഹം. ഇതോടെ ചിരകാല രാഷ്ട്രീയ വൈരിയും സ്വന്തം നാട്ടുകാരനുമായ ആന്റോ ആന്റണിയെ നേരിടാനും പിസിക്കാകും.

പത്തനംതിട്ട ജില്ലയിലെ നിയമസഭാ മണ്ഡലങ്ങള്‍ക്കൊപ്പം കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും ഉള്‍പ്പെടുന്നതാണ് പത്തനംതിട്ട ലോക്‌സഭാ മണ്ഡലം. കഴിഞ്ഞ തവണ സിറ്റിങ് എംപി ആന്റോ ആന്റണിയെ നേരിട്ടത് അന്ന് ആറന്മുള എംഎല്‍എയായിരുന്ന മന്ത്രി വീണ ജോര്‍ജും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ആയിരുന്നു.

Signature-ad

2019ല്‍ പത്തനംതിട്ടയില്‍നിന്ന് 2,97,396 വോട്ട് എന്‍ഡിഎ നേടിയിരുന്നു. ഇതിന്റെ ബലത്തിലാണ് കേരളത്തില്‍ ജയസാധ്യതയുള്ള എ പ്ലസ് മണ്ഡലങ്ങളുടെ പട്ടികയില്‍ പത്തനംതിട്ടയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര കൃഷി വകുപ്പ് സഹ മന്ത്രി ശോഭ കരന്തലജയ്ക്ക് മണ്ഡലത്തിന്റെ ചുമതലയും പാര്‍ട്ടി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് പത്തനംതിട്ട മണ്ഡലത്തില്‍ മികച്ച വോട്ട് നേടാന്‍ കഴിഞ്ഞെങ്കിലും വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത് ക്രൈസ്തവ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കഴിയാതെ ഇരുന്നതിനാലെന്ന് പാര്‍ട്ടി വിലയിരുത്തിയിരുന്നു. അതിനാല്‍ ഈ വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥി വന്നാല്‍ മാത്രമേ മണ്ഡലത്തില്‍ വിജയിക്കാന്‍ കഴിയൂ എന്ന വിലയിരുത്തല്‍ ബിജെപി ദേശീയ നേതൃത്വത്തിനുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് കേരള രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാവായ പിസി ജോര്‍ജിനെ പത്തനംതിട്ടയില്‍ പരിഗണിക്കുന്നത്. പത്തനംതിട്ടയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തെ മുന്‍ ജനപ്രതിനിധി എന്ന നിലയില്‍ മലയോരമേഖലയുടെ വികസനത്തിന് സജീവമായി പങ്കെടുത്ത നേതാവ് കൂടിയാണ് പിസി.

Back to top button
error: