റാഞ്ചി: പൊലീസില്‍ നിന്ന് രക്ഷപെടാന്‍ നദിയില്‍ ചാടി ഗുരുതര സൈബര്‍ ക്രൈം പ്രതികള്‍. പിന്നാലെ ചാടിനീന്തി പൊലീസുകാര്‍. ഒടുവില്‍ തിരിച്ചുകയറിയത് പ്രതികളുമായി. ജാര്‍ഖണ്ഡിലെ ഗിരിദിഹില്‍ ബരാകര്‍ നദിയിലേക്കാണ് ആറ് പ്രതികള്‍ ചാടിയത്.
ബരാകര്‍ നദിയുടെ തീരത്തുവച്ച് സൈബര്‍ കുറ്റവാളികളെ പിടികൂടാനെത്തിയപ്പോഴാണ് മഫ്തിയിലെത്തിയ പൊലീസ് സംഘത്തെ കണ്ടയുടന്‍ പ്രതികള്‍ രക്ഷപെടാനായി വെള്ളത്തിലേക്ക് ചാടിയത്. എന്നാല്‍ കരയില്‍ നോക്കിനില്ക്കാതെ പൊലീസുകാരും വെള്ളത്തിലേക്ക് ചാടുകയും പിന്തുടരുകയും എല്ലാ പ്രതികളെയും പിടികൂടുകയുമായിരുന്നു.
വിവിധ മേഖലകളില്‍ പൊലീസ് നടത്തി റെയ്ഡിനു പിന്നാലെയാണ് അറസ്റ്റ്. പൊലീസ് ഓപ്പറേഷനില്‍ 8,29,600 രൂപ, 12 മൊബൈല്‍ ഫോണുകള്‍, 21 എടിഎം കാര്‍ഡുകള്‍, 18 സിം കാര്‍ഡുകള്‍, 12 പാസ്ബുക്കുകള്‍, ആറ് ചെക്ക് ബുക്കുകള്‍, നാല് പാന്‍ കാര്‍ഡുകള്‍, രണ്ട് ആധാര്‍ കാര്‍ഡുകള്‍ എന്നിവ പ്രതികളില്‍ നിന്ന് കണ്ടെടുത്തു.
അറസ്റ്റിലായ സൈബര്‍ കുറ്റവാളികള്‍ ആപ്പുകള്‍ വഴി നഗ്ന വീഡിയോ കോളുകള്‍ ചെയ്തും സ്ക്രീന്‍ഷോട്ടുകള്‍ എടുത്തും ഇരകളെ ബ്ലാക്ക്മെയില്‍ ചെയ്തും തട്ടിപ്പ് നടത്തിവരികയായിരുന്നെന്ന് ഗിരിദിഹിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. ന്യൂട്രീഷ്യന്‍ ട്രാക്കര്‍ ആപ്പ് വഴി പ്രസവാനുകൂല്യം നല്‍കാമെന്ന് വ്യാജ വാഗ്ദാനങ്ങള്‍ നല്കി കബളിപ്പിച്ച് ഗര്‍ഭിണികളെയും ഇവര്‍ തട്ടിപ്പിനിരയാക്കിയിരുന്നു.
പ്രതികളെ പിടിക്കാനുള്ള ശ്രമത്തിനിടെ, കുട്ടികളെ തട്ടിക്കൊണ്ടുപോയി എന്ന അഭ്യൂഹം പരത്തി നാട്ടുകാര്‍ ഓപ്പറേഷന് വഴിതെറ്റിക്കാന്‍ ശ്രമിച്ചതും പൊലീസിന് വെല്ലുവിളിയായി. റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരോട് നാട്ടുകാര്‍ ശത്രുതയോടെയാണ് പ്രതികരിച്ചതെന്നും ഈ വെല്ലുവിളികള്‍ക്കിടയിലും തങ്ങള്‍ ഓപ്പറേഷന് വിജയകരമായി നടത്തുകയായിരുന്നെന്നും പൊലീസ് പറയുന്നു.