ബംഗളൂരു: കർണാടകയിലെ ചിക്കബല്ലാപുരയിലും റായ്ച്ചൂരിലും ബെളഗാവിയിലുമുണ്ടായ വാഹനാപകടങ്ങളില്‍ മൊത്തം എട്ട് പേർ മരിച്ചു.
റായ്ച്ചൂര്‍ സിദ്ധനൂരില് ചരക്കുവാഹനങ്ങള്‍ കൂട്ടിയിടിച്ച് നാലുപേരാണ് മരിച്ചത്.വ്യാഴാഴ്ച രാവിലെ പഗദിദിന്നി വില്ലേജിലാണ് അപകടം.
ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇസ്മയില്‍ (25), ചന്നബസപ്പ (26), അംബരീഷ് (20), രവി (21) എന്നിവരാണ് മരിച്ചത്. വിവാഹ ഡെക്കറേഷൻ ജോലിക്കായി സിന്ധനൂരില്നിന്ന് മദ്ലാപൂരിലേക്ക് പോയ അഞ്ചംഗ സംഘം സഞ്ചരിച്ച മിനിട്രക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മരിച്ച നാലുപേരും പരിക്കേറ്റയാളും മിനിട്രക്കില്‍ സഞ്ചരിച്ചവരാണ്. അപകട ശേഷം ലോറി ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. സിന്ധനുര്‍ റൂറല്‍ പൊലീസ് കേസെടുത്തു.
ചിക്കബല്ലാപുരയില്‍ സ്വകാര്യ ബസ് മരത്തിലിടിച്ച് മറിഞ്ഞാണ് രണ്ടുപേര്‍ മരിച്ചത്. പതപാളയ വില്ലേജില്‍ വ്യാഴാഴ്ച രാവിലെയാണ് അപകടം. ബസില്‍ 30ഓളം യാത്രക്കാരുണ്ടായിരുന്നു. ബസില്‍ കുടുങ്ങിയവരെ നാട്ടുകാര്‍ ശ്രമകരമായാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ പിന്നാലെ വന്ന സ്വകാര്യ വാഹനങ്ങളില്‍ ബാഗേപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. ബസ് അമിത വേഗത്തിലായിരുന്നെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് കാറില്‍ തീപടര്‍ന്നാണ് ബെളഗാവിയിൽ രണ്ടുപേര്‍ വെന്തുമരിച്ചത്. ബെളഗാവി ബംബര്ഗ സ്വദേശി മോഹൻ ബെളഗോയങ്കാര് (24), മച്ചെ വില്ലേജ് സ്വദേശിനി സമീക്ഷ ദിയേകര് (12) എന്നിവരാണ് മരിച്ചത്.
ബെളഗാവി ബംബര്ഗ ക്രോസില്‍ ഇന്നലെ രാത്രിയാണ് സംഭവം. വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.