KeralaNEWS

കഴിഞ്ഞ പത്തുമാസത്തിനിടെ എറണാകുളം ജില്ലയില്‍ സ്ഥിരീകരിച്ചത് 3,478 ഡെങ്കിപ്പനി

എറണാകുളം: കഴിഞ്ഞ പത്തുമാസത്തിനിടെ എറണാകുളം ജില്ലയില്‍ മാത്രം  3,478 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി റിപ്പോർട്ട്.

11,077 പേര്‍ക്ക് ഡെങ്കിപ്പനി ബാധ സംശയിക്കുന്നുവെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ജില്ലയിലെ സമീപകാലത്തെ ഏറ്റവും വലിയ കണക്കാണിതെന്നാണ് വിവരം.

ഈ പത്തു മാസത്തിനിടെ ഡെങ്കിപ്പനി സംശയിക്കുന്ന 24 മരണങ്ങളും സ്ഥിരീകരിച്ച 4 ഡെങ്കിപ്പനി മരണങ്ങളുമുണ്ടായി.

Signature-ad

കഴിഞ്ഞ ആഴ്ചയില്‍മാത്രം കൊച്ചിൻ കോര്‍പ്പറേഷനില്‍ 222 ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കലൂര്‍ (22), ഇടപ്പിള്ളി (17), കടവന്ത്ര (12), മട്ടാഞ്ചേരി (10), കൂത്തപാടി (10),പൊന്നുരുന്നി (6), മങ്ങാട്ടുമുക്ക് (6) എന്നീ സ്ഥലങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കളമശേരി (13), തൃക്കാക്കര (7), മരട് (6) എന്നീ നഗരസഭ പ്രദേശങ്ങളിലും കഴിഞ്ഞ ആഴ്ചകളില്‍ ഡെങ്കിപ്പനി കേസുകള്‍ കൂടുതലാണ്. പഞ്ചായത്തുകളില്‍ ചേരാനെല്ലൂര്‍ (7), എടത്തല (6), കടുങ്ങല്ലൂര്‍ (8) എന്നിവയാണ് മുന്നില്‍.

വീടുകളിലും പരിസരങ്ങളിലും കൊതുകുകളുടെ ഉറവിടനശീകരണം ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്നതിനാലാണ് ഡെങ്കിപ്പനി കേസുകള്‍ കൂടുന്നതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു.

ആരോഗ്യവകുപ്പ് നിരന്തരമായ അറിയിപ്പുകളും ബോധവത്കരണവും നടത്തിയിട്ടും നഗരസഭകളും പഞ്ചായത്തുകളും ഉള്‍പ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങള്‍ ഡെങ്കിപ്പനി നിര്‍മ്മാര്‍ജനത്തിനുള്ള കാര്യങ്ങള്‍ നടപ്പാക്കുന്നതില്‍ വലിയവീഴ്ചയാണ് വരുത്തുന്നത്. പലയിടങ്ങളിലും ഫോഗിംഗ് മാത്രമാണ് നടപ്പിലാക്കുന്നത്. ഉറവിട നിര്‍മ്മാര്‍ജനം, അതിന് ആവശ്യമായ ബോധവത്കരണം, നിരീക്ഷണം എന്നിവയൊന്നും തദ്ദേശ സ്ഥാപനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നില്ല എന്നാണ് വിവരം.

നിരന്തരമായ അറിയിപ്പുകളും ബോധവത്കരണവും നടത്തിയിട്ടും വീട്ടിലും പരിസരങ്ങളിലും ഉറവിടനശീകരണം ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്നത് കൊണ്ടാണ് ഇവിടങ്ങളില്‍ ഡെങ്കിപ്പനി കേസുകള്‍ കൂടുന്നതെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. അതേസമയം പനി, ജലദോഷം, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ എന്നിവ ജില്ലയില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ഇത്തരം രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

വേണം ജാഗ്രത

പനി, ജലദോഷം ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ എന്നിവയുള്ളവര്‍ ജാഗ്രത പുലര്‍ത്തണം

പനിക്ക് സ്വയംചികിത്സ ഒഴിവാക്കി ചികിത്സതേടണം

പനി, ചുമ, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ മാസ്‌ക് ഉപയോഗിക്കണം. മറ്റുള്ളവരുമായുള്ള സമ്ബര്‍ക്കം ഒഴിവാക്കണം

ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ ഉള്ളവരും പ്രായമായവരും ഗര്‍ഭിണികളും മറ്റ് ഗുരുതരരോഗങ്ങളുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം

Back to top button
error: