KeralaNEWS

കാനം ചികിത്സയിൽ തുടരുന്നു, പകരം ബിനോയ് വിശ്വം …? സിപിഐ നിര്‍ണായക നേതൃയോഗം ഇന്ന്

     പ്രമേഹരോഗത്തെ തുടര്‍ന്ന് വലതുകാല്‍പാദം മുറിച്ചുമാറ്റി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധി നല്‍കണമെന്ന കാനം രാജേന്ദ്രന്റെ ആവശ്യത്തില്‍ ഇന്ന് ചേരുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനമെടുക്കും. കാനത്തിന് പകരം പാര്‍ട്ടിയെ നയിക്കാന്‍ ആരെത്തും എന്ന ചോദ്യത്തിന് ഉത്തരം ഉണ്ടാകും എന്നതിനാല്‍ എക്‌സിക്യൂട്ടിവിനെ നിര്‍ണായക യോഗമായാണ് കാണുന്നത്.

അനാരോഗ്യത്തെ തുടര്‍ന്ന് മൂന്ന് മാസത്തെ അവധി ആവശ്യപ്പെട്ടാണ് കാനം പാര്‍ട്ടിക്ക് കത്ത് നല്‍കിയത്. പ്രമേഹത്തെ തുടര്‍ന്ന് വലതുകാല്‍പാദം മുറിച്ചുമാറ്റിയ കാനം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും തുടര്‍ചികിത്സകള്‍ പൂര്‍ത്തിയാക്കാന്‍ സമയം വേണ്ടിവരും. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരികയാണ്. നിര്‍ണ്ണായക തീരുമാനങ്ങളെടുക്കേണ്ട സമയം കൂടി ആയതിനാല്‍ അവധിയില്‍ പോകുന്ന കാനത്തിന് പകരം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് സംഘടനാ ശേഷിയുള്ള നേതാവ് വേണം എന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Signature-ad

ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തിന്റെ പേരാണ് മുൻ നിരയിലുള്ളത്. പക്ഷേ ലോക്‌സഭാ സ്ഥാനാര്‍ത്ഥി സാധ്യത കൂടി കണക്കിലെടുത്താകും തീരുമാനം. പിന്നീട് അസിസ്റ്റന്റ് സെക്രട്ടറിമാരായ ഇ ചന്ദ്രശേഖരന്‍, പി പി സുനീര്‍, ദേശീയ നിര്‍വാഹ സമിതി അംഗം കെ പ്രകാശ് ബാബു എന്നിവരുടെ പേരുകളാണ് ആക്ടിംഗ് സെക്രട്ടറി സ്ഥാനത്ത് പരിഗണനയിലുള്ളത്. ആരെങ്കിലും ഒരാളെ പരിഗണിക്കുന്നതിന് പകരം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് കൂട്ടായ ഉത്തരവാദിത്വം നല്‍കുന്നതിനും സാധ്യതയേറെയാണ്. ഇക്കാര്യത്തില്‍ കാനത്തിന്റെ നിലപാടാണ് നിര്‍ണായകമാകുക.

Back to top button
error: