SportsTRENDING

വിഷ്ണു വിനോദിനു സെഞ്ചുറി; വിജയഹസാരെ ട്രോഫിയിൽ കേരളത്തിന് വിജയം

ആലുര്‍: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഒഡീഷയ്ക്കെതിരെ കേരളത്തിന് 78 റൺസിന്റെ വിജയം.ടൂർണമെന്റിൽ കേരളത്തിന്റെ രണ്ടാമത്തെ വിജയമാണിത്.

ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സാണെടുത്തത്. വിഷ്ണു വിനോദിന്‍റെ വീരോചിത സെഞ്ചുറിയാണ് കേരളത്തെ വലിയ ബാറ്റിങ് തകര്‍ച്ചയില്‍ നിന്നു കരകയറ്റിയത്.മറുപടി ബാറ്റിംഗിനിറങ്ങിയ ഒഡീഷ 43.3 ഓവറിൽ 208 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു.കേരളത്തിനായി ശ്രേയസ്സ് ഗോപാല്‍ നാലു വിക്കറ്റ് വീഴ്ത്തി.

Signature-ad

ടോസ് നേടി ബാറ്റ് ചെയ്യാനുള്ള കേരള ക്യാപ്റ്റൻ സഞ്ജു സാംസണിന്‍റെ തീരുമാനം പാളുന്ന കാഴ്ചയായിരുന്നു തുടക്കത്തില്‍. ഓപ്പണര്‍മാരായ മുഹമ്മദ് അസറുദ്ദീനെയും (12) രോഹൻ കുന്നുമ്മലിനെയും (17) കേരളത്തിന് 11 ഓവറിനുള്ളില്‍ നഷ്ടമായി. തുടര്‍ന്നെത്തിയ സഞ്ജുവിനും (15) ടീമിനെ കരകയറ്റാനായില്ല. കഴിഞ്ഞ കളിയില്‍ സെഞ്ചുറിയടിച്ച മുൻ ക്യാപ്റ്റൻ സച്ചിൻ ബേബി ഇക്കുറി 29 പന്തില്‍ 2 റണ്‍സുമായി മടങ്ങി.

75 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ട കേരളത്തെ പിന്നീടങ്ങോട്ട് അഞ്ചാം നമ്ബറിലിറങ്ങിയ വിഷ്ണു വിനോദ് ഒറ്റയ്ക്ക് ചുമലിലേറ്റുകയായിരുന്നു. നിര്‍ഭയമായി ഒഡീഷ ബൗളര്‍മാരെ നേരിട്ട വിഷ്ണു, 85 പന്തില്‍ അഞ്ച് ഫോറും എട്ട് സിക്സും സഹിതം 120 റണ്‍സെടുത്തു.ശ്രേയസ് ഗോപാല്‍ (13), അഖില്‍ സ്കറിയ (34) എന്നിവരെ സാക്ഷി നിര്‍ത്തിയായിരുന്നു വിഷ്ണുവിന്‍റെ ഒറ്റയാള്‍ പോരാട്ടം.

അവസാന ഓവറുകളില്‍ അബ്ദുള്‍ ബാസിത് നടത്തിയ ബാറ്റിങ് വെടിക്കെട്ടും ടീമിനെ തുണച്ചു. 27 പന്ത് മാത്രം നേരിട്ട ബാസിത് മൂന്നു ഫോറും മൂന്നു സിക്സും സഹിതം 48 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

അതേസമയം സഞ്ജുവിന് കീഴില്‍ മൂന്ന് മത്സരങ്ങള്‍ കേരളം കളിച്ചുവെങ്കിലും താരത്തിന്റെ പ്രകടനം പരിതാപകരമാണ്. ആദ്യ മത്സരത്തില്‍ സൗരാഷ്ട്രക്കെതിരെ 30 റണ്‍സെടുത്താണ് സഞ്ജു മടങ്ങിയത്. മികച്ച തുടക്കം ലഭിച്ചിട്ടും മുതലാക്കാന്‍ സഞ്ജുവിന് സാധിച്ചില്ല. രണ്ടാം മത്സരത്തില്‍ മുംബൈക്കെതിരെ 55 റണ്‍സ് നേടാൻ സഞ്ജുവിനായെങ്കിലും ഇന്നലെ ഒഡീഷയ്ക്കെതിരെ വെറും 15 റൺസാണ് താരം നേടിയത്.ടീം മികച്ച പ്രകടനം പുറത്തെടുക്കുമ്ബോഴും സഞ്ജുവിന്റെ പ്രകടനം മെച്ചപ്പെടുന്നില്ലെന്നുള്ളതാണ് വസ്തുത.

ആദ്യ മത്സരത്തില്‍ സൗരാഷ്ട്രയെ മറികടന്ന കേരളം രണ്ടാം മത്സരത്തില്‍ മുംബൈയോട് പരാജയപ്പെട്ടു. എന്നാല്‍ ഇന്നലെ നടന്ന മൂന്നാം മത്സരത്തില്‍ കേരളം ഒഡീഷയെ തോല്‍പ്പിക്കുകയുണ്ടായി.

Back to top button
error: