25 കോടി രൂപ മുടക്കി നിലവിലെ ഫിഷ് ലാൻഡിംഗ് സെന്റര്‍ നവീകരിക്കുന്നതോടൊപ്പം പഴയ വാര്‍ഫിനും ഫിഷ് ലാൻഡിംഗ് സെന്ററിനും ഇടയ്ക്കുള്ള 130 മീറ്ററില്‍ പുതിയ ഫിംഗര്‍ ജെട്ടികള്‍ നിര്‍മ്മിക്കും. ഇവിടെയുള്ള രണ്ട് ചെറിയ ജെട്ടികള്‍ നീളം കൂട്ടുന്നതിന് പുറമേ മൂന്നെണ്ണം കൂടി നിര്‍മ്മിക്കും. 40 മീറ്റര്‍ നീളവും 6 മീറ്റര്‍ വീതിയുമുള്ളതാകും ഫിംഗര്‍ ജെട്ടികള്‍. ഇരുവശങ്ങളിലും വള്ളങ്ങള്‍ അടുപ്പിച്ച് ലോഡിംഗ് നടത്താനാകും വിധമാണ് നിർമ്മാണം.
കോസ്റ്റല്‍ പൊലീസ് സ്റ്റേഷൻ മുതല്‍ പഴയ വാര്‍ഫ് വരെയുള്ള ഭാഗത്ത് മണല്‍ നിറച്ച ബാഗുകള്‍ സ്ഥാപിച്ച് ബീച്ച് വീതികൂട്ടും. ഇവിടെ മത്സ്യബന്ധന വള്ളങ്ങള്‍ കെട്ടാനുള്ള സംവിധാനവുമൊരുക്കും. നിലവിലെ സെന്ററിന് ഭാഗത്തെ കടല്‍ ഡ്രഡ്ജിംഗ് നടത്തി ആഴം കൂട്ടും. ഫിംഗര്‍ ജെട്ടി സ്ഥാപിക്കുന്ന സ്ഥലത്ത് കല്ലടുക്കി വീതി കൂട്ടി ബെയ്സ് നിര്‍മ്മിക്കും.
വിഴിഞ്ഞത്തെ ഫിഷ് ലാൻഡിംഗ് സെന്ററിലേക്ക് പോകുന്ന പ്രധാന വഴിയിലും കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് വരുന്ന ഭാഗത്തും ഗേറ്റ് കോംപ്ലക്സ് സ്ഥാപിക്കും. പ്രധാന കവാടം മുതല്‍ 700 മീറ്ററോളം ദൂരത്തില്‍ നടപ്പാതയോടെ രണ്ടുവരിപ്പാതയാക്കും. റോഡിന് ഇരുവശത്തും രണ്ടുനിലയില്‍ ലോക്കര്‍ റൂമുകള്‍ സ്ഥാപിക്കും. താഴത്തെ നിലയില്‍ കടകളും മുകളില്‍ ലോക്കര്‍ റൂമുകളുമാണ്.
ഗംഗയാര്‍ തോടിന് മറുവശത്ത് ആധുനിക രീതിയിലുള്ള പുതിയ മാര്‍ക്കറ്റ് സ്ഥാപിക്കും. ലാൻഡിംഗ് സെന്ററില്‍ നിന്ന് പിടിക്കുന്ന മത്സ്യം ഇവിടെ കച്ചവടം നടത്തും. മത്സ്യം കേടാകാതെ സൂക്ഷിക്കാൻ കോള്‍ഡ് സ്റ്റോറേജ് സംവിധാനമൊരുക്കും. ഫിഷ് ലാൻഡിംഗ് സെന്ററും പരിസരവും വൃത്തിയാക്കുന്നതിനായി മോട്ടോര്‍ പമ്ബ് സ്ഥാപിക്കും. ഒരേസമയം പമ്ബ് ചെയ്ത് വൃത്തിയാക്കുന്നതിനായി പ്രത്യേക പൈപ്പ് ലൈനുകളാണ് സ്ഥാപിക്കുക. ചുറ്റുമതിലുകള്‍,സി.സി ടി.വി ക്യാമറകള്‍ തുടങ്ങിയവയും പദ്ധതിയിൽ ഉള്‍പ്പെട്ടിട്ടുണ്ട്.