വിശാഖപട്ടണം: സ്കൂൾ വിദ്യാർത്ഥികളെയുമായി പോയ ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്ക്. നാല് ആൺ കുട്ടികളും നാല് പെൺകുട്ടികളുമാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. പരിക്കേറ്റവരിൽ ഒരു പെൺകുട്ടിയുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.വിശാഖപട്ടണത്തെ സംഗം സരത് തീയറ്റർ ജംഗ്ഷനിൽ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ബെഥനി സ്കൂളിലെ വിദ്യാർത്ഥികളാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. രാവിലെ സ്കൂളിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി.
ഓട്ടോ ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമായതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ അഞ്ച് വിദ്യാർത്ഥികൾ റോഡിലേക്ക് തെറിച്ചുവീണു. മൂന്ന് പേർ ഓട്ടോറിക്ഷക്കുള്ളിൽ കുടുങ്ങി. മറ്റ് വാഹനങ്ങളിൽ സഞ്ചരിച്ചിരുന്നവരും അപകട സമയത്ത് പരിസരത്ത് ഉണ്ടായിരുന്നവരും ഉടനെ ഓടിയെത്തി കുട്ടികളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ പൊലീസ് സംഘവും പിന്നീട് സ്ഥലത്തെത്തി.
വലിയ പരിക്കുകളില്ലാത്ത മൂന്ന് പേരെ ഉടൻ തന്നെ ഡിസ്ചാർജ് ചെയ്തു. മറ്റ് നാല് പേർ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഒരു വിദ്യാർത്ഥിനിയെയാണ് ശസ്ത്രക്രിയക്ക് വിധേയയാക്കിയത്. ഈ കുട്ടിയുടെ സഹോദരിയും വാഹനത്തിലുണ്ടായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറും ആശുപത്രിയിലാണ്. മന്ത്രിമാർ ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തി കുട്ടികളുടെ ആരോഗ്യനില വിലയിരുത്തി. ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതായി പൊലീസും അറിയിച്ചു. ഡയമണ്ട് പാർക്ക് റോഡിൽ നിന്ന് അംബേദ്കർ സ്റ്റാച്യൂ റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന ഓട്ടോറിക്ഷയാണ് ലോറിയുമായി കൂട്ടിയിടിച്ചത്. റെയിൽവെ സ്റ്റേഷൻ റോഡിൽ നിന്ന് ബസ് കോംപ്ലക്സ് റോഡിലേക്ക് വരികയായിരുന്നു ലോറി.