CrimeNEWS

യു.എസില്‍ വെടിയേറ്റ മലയാളി യുവതിയുടെ നില മെച്ചപ്പെട്ടു; ഗര്‍ഭസ്ഥശിശു മരിച്ചു

കോട്ടയം: യുഎസിലെ ഷിക്കാഗോയില്‍ ഭര്‍ത്താവിന്റെ വെടിയേറ്റ് ആശുപത്രിയിലായ മലയാളി യുവതിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ഉഴവൂര്‍ കുന്നാംപടവില്‍ മീര (32) ഗുരുതര പരുക്കുകളോടെ ഇലിനോയ് ലൂഥറന്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മീരയുടെ മൂന്നാമത്തെ ശസ്ത്രക്രിയ പൂര്‍ത്തിയായി. രണ്ടു മാസം ഗര്‍ഭിണിയായിരുന്ന മീരയുടെ ഗര്‍ഭസ്ഥശിശു ഗുരുതരമായ രക്തസ്രാവത്തെത്തുടര്‍ന്നു മരിച്ചതായും ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു.

മീരയെ കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവ് ഏറ്റുമാനൂര്‍ പഴയമ്പിള്ളി അമല്‍ റെജി വെടിവച്ചെന്നാണു കേസ്. യുഎസ് സമയം തിങ്കളാഴ്ച രാത്രി 10.10ന് (ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാവിലെ 9.40) ഷിക്കാഗോയിലെ പള്ളിക്കു സമീപമാണു സംഭവം. 10 തവണ വെടിയുതിര്‍ത്തതായി തെളിഞ്ഞിട്ടുണ്ട്. മീരയുടെ കണ്ണിനും വാരിയെല്ലിനുമാണു വെടിയേറ്റത്. തൊട്ടടുത്തു നിന്നാണ് അമല്‍ വെടിയുതിര്‍ത്തത്. അമലിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദമ്പതികള്‍ക്കു മൂന്നു വയസ്സുള്ള ഒരു മകനുണ്ട്.

Signature-ad

മീരയും യുഎസില്‍ തന്നെയുള്ള ഇരട്ട സഹോദരി മീനുവും നഴ്‌സുമാരാണ്. ഒന്നര വര്‍ഷം മുന്‍പാണ് മീരയും ഭര്‍ത്താവും യുഎസിലേക്കു പോയത്. ഈ സമയത്തു മകന്‍ ഡേവിഡ് നാട്ടിലുണ്ടായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ നാട്ടിലെത്തിയ മീരയും ഭര്‍ത്താവ് അമലും ഡേവിഡിനെയും കൂട്ടിയാണ് മടങ്ങിപ്പോയത്. അമലിന്റെ അറസ്റ്റ് സംബന്ധിച്ചു ഔദ്യോഗിക റിപ്പോര്‍ട്ട് ഇന്നു പുറത്തു വരുമെന്നു കരുതുന്നു.

Back to top button
error: