ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്നതിനെ തുടര്‍ന്ന് കുടുങ്ങിയ 40 തൊഴിലാളികളെ പുറത്ത് എത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം അഞ്ചാം ദിവസത്തിലേക്ക്. കഴിഞ്ഞ നാലുദിവസമായി തുരങ്കത്തില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് ഭക്ഷണവും മരുന്നും അടക്കം അവശ്യവസ്തുക്കള്‍ നല്‍കുന്നുണ്ടെങ്കിലും തൊഴിലാളികളുടെ ജീവിതം തുലാസിലാണ്. അവരെ എപ്പോള്‍ പുറത്ത് എത്തിക്കാന്‍ കഴിയും എന്നതില്‍ ആശങ്ക നിലനില്‍ക്കുകയാണ്.
ഞായറാഴ്ച പുലര്‍ച്ചെ നാലുമണിക്കാണ് തുരങ്കം തകര്‍ന്നത്. നാലര കിലോമീറ്റര്‍ വരുന്ന ടണലിന്റെ 150 മീറ്റര്‍ ഭാഗമാണ് തകര്‍ന്നത്. സില്‍ക്യാരയെ ദണ്ഡല്‍ഗാവുമായി ബന്ധിപ്പിക്കുന്നതാണ് നിര്‍ദിഷ്ട തുരങ്കം. തൊഴിലാളികളുമായി രക്ഷാപ്രവര്‍ത്തകര്‍ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷണവും മരുന്നും അടക്കം അവശ്യവസ്തുക്കള്‍ ലഭ്യമാക്കിയിട്ടുണ്ട്. തൊഴിലാളികളെ രക്ഷിക്കാന്‍ തായ്ലന്‍ഡ്, നോര്‍വെ എന്നിവിടങ്ങളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തായ്ലന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ രക്ഷിക്കാന്‍ നേതൃത്വം നല്‍കിയ രക്ഷാപ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ സേവനമാണ് തേടിയിരിക്കുന്നത്.
രക്ഷാപ്രവര്‍ത്തനത്തില്‍ അമേരിക്കന്‍ ആഗര്‍ യന്ത്രം വിന്യസിച്ചിരിക്കുന്നതാണ് അധികൃതര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.തുരങ്കം തകര്‍ന്നതിനെ തുടര്‍ന്നുള്ള അവശിഷ്ടങ്ങള്‍ മാറ്റി തൊഴിലാളികള്‍ക്ക് അരികില്‍ എത്താന്‍ ഈ യന്ത്രം സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. തൊഴിലാളികള്‍ക്ക് സുരക്ഷിതമായി പുറത്തേയ്ക്ക് വരുന്നതിനുള്ള പാത ഒരുക്കുന്നതിനാണ് ഈ യന്ത്രം ഉപയോഗിക്കുന്നത്. അവശിഷ്ടങ്ങള്‍ക്കിടയിലൂടെ മൂന്നടി വ്യാസമുള്ള സ്റ്റീല്‍ പൈപ്പ് കടത്തിവിട്ട് തൊഴിലാളികളെ അതിലൂടെ പുറത്ത് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
എന്നാല്‍ മണ്ണിടിച്ചില്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് 70 മണിക്കൂര്‍ ചെലവഴിച്ച സമയത്താണ് വില്ലനായി മണ്ണിടിച്ചില്‍ സംഭവിച്ചത്. അമേരിക്കന്‍ ആഗര്‍ യന്ത്രം സ്ഥാപിക്കുന്നതിന് ആവശ്യമായ പ്ലാറ്റ്ഫോം നിര്‍മ്മിക്കുന്നതിനിടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. തുടര്‍ന്ന് മെഷീന്‍ അഴിച്ചുമാറ്റി വീണ്ടും പ്ലാറ്റ്ഫോം നിര്‍മ്മിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ നിര്‍ബന്ധിതരായി. ഹിമാലയന്‍ മേഖലയില്‍ പാറയ്ക്ക് ഉറപ്പില്ലാത്തതാണ് മണ്ണിടിച്ചിലിന് കാരണമാകുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.