കണ്ണൂര്‍: തലശ്ശേരി ജില്ലാ കോടതിയിൽ ജീവനക്കാരും അഭിഭാഷകരുമുൾപ്പെടെ നൂറോളം പേർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായതിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായില്ല. രോഗ ലക്ഷണങ്ങളുള്ളവരുടെ സാമ്പിൾ പരിശോധനാഫലം കാത്തിരിക്കുകയാണ് മെഡിക്കൽ സംഘം. കോടതിയിലെ വെള്ളവും പരിശോധനയ്ക്കയച്ചു. നൂറോളം പേർക്കാണ് രോഗ ലക്ഷണങ്ങളുള്ളത്. കണ്ണിന് ചുവപ്പും ചിലർക്ക് പനിയുമാണ് ഉള്ളത്.
തലശ്ശേരി കോടതിയിലെത്തിയവർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായതിന് കാരണം ഇനിയും കണ്ടെത്തിയിട്ടില്ല. ഓഗസ്റ്റ് മുതൽ പലർക്കും ലക്ഷണങ്ങളുണ്ട്. കഴിഞ്ഞ ദിവസങ്ങളിലാണ് കഠിനമായത്. രക്ത, സ്രവ സാമ്പിളുകളുടെ പരിശോധനാ ഫലം വന്നാൽ കാരണമറിയാം എന്നാണ് വിവരങ്ങള്‍. വൈറസ് ബാധയെന്നാണ് കോടതിയിലെത്തിയ മെഡിക്കൽ സംഘത്തിന്‍റെ നിഗമനം.
പുതിയ കെട്ടിടത്തിന്‍റെ നിർമാണ ജോലിക്കിടെ രാസവസ്തുക്കളുടെ ഗന്ധം കൊണ്ടാണോ അതോ വളപ്പിലെ മരത്തിൽ നിന്നുള്ള പുഴുക്കൾ വീണാണോ ആരോഗ്യ പ്രശ്നങ്ങള്‍ വന്നതെന്നാണ് പരിശോധിക്കുന്നത്. ജഡ്ജിക്കുൾപ്പെടെ ശാരീരിക പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് മൂന്ന് കോടതികൾ രണ്ട് ദിവസം പ്രവർത്തിച്ചില്ല. മറ്റ് കോടതികളിൽ എത്തിയവർക്കും രോഗ ലക്ഷണങ്ങളുണ്ട്. ആർക്കും ഗുരുതര പ്രശ്നങ്ങളില്ല. രണ്ട് നിലകളിലായി പ്രവർത്തിക്കുന്ന മൂന്ന് കോടതികളിൽ വന്നവർക്കാണ് ദേഹാസ്വാസ്ഥ്യം നേരിട്ടത്.
ജഡ്ജിക്കും അഭിഭാഷകർക്കും കോടതി ജീവനക്കാർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായി. അലർജിക്ക് സമാനമായ ലക്ഷണങ്ങളാണ് പലരിലും കണ്ടത്. കൂട്ട പനി ബാധയുടെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിൽ നിന്നുള്ള മെഡിക്കൽ സംഘം കോടതിയിലെത്തി പരിശോധന നടത്തിയിരുന്നു. പനി ബാധയുടെ പശ്ചാത്തലത്തിലാണ് മെഡിക്കൽ സംഘം കോടതിയിലെത്തിയത്. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായവരുടെ രക്ത സാമ്പിളും സ്രവവും ശേഖരിച്ച മെഡിക്കൽ സംഘം ഇവ ആലപ്പുഴയിലെ റീജ്യണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയക്കുകയായിരുന്നു.