NEWSWorld

സിറിയയില്‍ യുഎസ് സൈനിക താവളത്തിനു നേരെ ഹിസ്ബുല്ല ആക്രമണം; പ്രസംഗം പാതിയില്‍ നിര്‍ത്തി ബൈഡന്‍

വാഷിങ്ടണ്‍: സിറിയയിലെ യുഎസ് സൈനിക താവളത്തിനു നേരെ ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ല ആക്രമണം നടത്തിയെന്ന് റിപ്പോര്‍ട്ട്. കിഴക്കന്‍ സിറിയയിലെ ദേര്‍ എല്‍-സൂര്‍ പ്രവിശ്യയിലെ അല്‍-ഒമര്‍ എണ്ണപ്പാടത്തിലെ യുഎസ് സൈനിക താവളത്തിലും അല്‍-ഷദ്ദാദിയിലുമാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തെക്കുറിച്ച് യുഎസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ജോര്‍ദാന്‍, ഇറാഖ് അതിര്‍ത്തികള്‍ക്ക് സമീപമുള്ള അല്‍-താന്‍ഫ് സൈനിക താവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുല്ല ഏറ്റെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ ആക്രമണം ഉണ്ടായത്.

കഴിഞ്ഞ ദിവസം പത്രസമ്മേളനം പാതിയില്‍ നിര്‍ത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മടങ്ങിയിരുന്നു. ഗാസയില്‍ തടവിലായിരുന്ന രണ്ട് ബന്ദികളെ ഹമാസ് മോചിപ്പിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ബൈഡന്റെ പ്രസംഗം. ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്നാണ് അദ്ദേഹം പ്രസംഗം നിര്‍ത്തി മടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.

Signature-ad

ഇറാഖിലെയും സിറിയയിലെയും യുഎസ് താവളങ്ങളില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണ പരമ്പരയില്‍ രണ്ട് ഡസന്‍ യുഎസ് സൈനികര്‍ക്ക് പരുക്കേറ്റതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു. പെന്റഗണ്‍ ആക്രമണം സ്ഥിരീകരിച്ചിരുന്നെങ്കിലും പരുക്കേറ്റവരുടെ എണ്ണം വെളിപ്പെടുത്തിയിരുന്നില്ല.

ഒക്ടോബര്‍ 18-ന് തെക്കന്‍ സിറിയയിലെ അല്‍-താന്‍ഫ് സൈനിക താവളത്തിന് നേരെയുണ്ടായ രണ്ട് ഡ്രോണ്‍ ആക്രമണത്തില്‍ ഇരുപത് അമേരിക്കന്‍ സൈനികര്‍ക്ക് സാരമായി പരുക്കേറ്റു. ഡ്രോണുകളില്‍ ഒന്ന് വെടിവച്ചിട്ടിരുന്നു. അന്നു തന്നെ പടിഞ്ഞാറന്‍ ഇറാഖിലെ അല്‍-അസാദ് താവളത്തില്‍ നിലയുറപ്പിച്ചിരുന്ന യുഎസ് സേനയ്ക്കും സഖ്യസേനയ്ക്കുമെതിരായ രണ്ട് വ്യത്യസ്ത ഡ്രോണ്‍ ആക്രമണങ്ങളില്‍ നാല് യുഎസ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റു. ഡ്രോണുകള്‍ യുഎസ് വെടിവച്ചിട്ടു. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് ആക്രമണമുണ്ടായത്.

ആക്രമണം നടത്തുന്ന ഗ്രൂപ്പുകളെ ഇറാനും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്സും പിന്തുണയ്ക്കുന്നതായി പെന്റഗണ്‍ പ്രസ് സെക്രട്ടറി ജനറല്‍ പാറ്റ് റൈഡര്‍ ചൊവ്വാഴ്ച പറഞ്ഞിരുന്നു.

Back to top button
error: