KeralaNEWS

സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് ഇന്ന് തിരിതെളിയും

തൃശൂര്‍: 65-ാമത് സംസ്ഥാന സ്കൂള്‍ കായികമേളക്ക് തൃശ്ശൂരില്‍ ഇന്ന് തിരിതെളിയും. തേക്കിൻകാട് മൈതാനിയില്‍ വെച്ച്‌ മന്ത്രി ആര്‍ ബിന്ദു മുൻ ഫുട്ബോള്‍ താരം ഐഎം വിജയന് ദീപശിഖ കൈമാറിക്കൊണ്ട് ദീപശിഖ പ്രയാണം ഉദ്ഘാടനം ചെയ്യും.

കുന്നംകുളം ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ സ്റ്റേഡിയമാണ് 65-ാമത് സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് വേദിയാകുന്നത്. കായികമേളയോട് അനുബന്ധിച്ചുള്ള ദീപശിഖ പ്രയാണം ഇന്ന് രാവിലെ 8.30ന് തേക്കിൻ കാട് മൈതാനിയിലെ തെക്കേഗോപുരനടയില്‍ നിന്നും ആരംഭിക്കും. ദീപശിഖ പ്രയാണത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി ആര്‍ ബിന്ദു, മുൻ ഫുട്ബോള്‍ താരം ഐ എം വിജയൻ, ടി എൻ പ്രതാപൻ എം പി, മേയര്‍ എം കെ വര്‍ഗീസ് തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

Signature-ad

തെക്കേഗോപുര നടയില്‍ നിന്ന് ആരംഭിക്കുന്ന ദീപശിഖാ പ്രയാണം 15 സ്കൂളുകളില്‍ നിന്ന് സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയതിനു ശേഷം കുന്നംകുളം നഗരം ചുറ്റി കായികോത്സവ വേദിയില്‍ എത്തിച്ചേരും. ഇന്ന് ടീമുകളുടെ രജിസ്‌ട്രേഷൻ പൂര്‍ത്തിയാക്കി നാളെ മത്സരങ്ങള്‍ക്ക് തുടക്കമാകും.ആറ് കാറ്റഗറികളിലായി 3000ത്തില്‍ കൂടുതല്‍ മത്സരാര്‍ത്ഥികള്‍ കായികമേളയുടെ ഭാഗമാകും.

സമാപന സമ്മേളനം 20ന് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കും.

Back to top button
error: