FeatureLIFE

ഒറ്റ യാത്രക്കാരൻ മാത്രമാണെങ്കിൽ ട്രെയിൻ ഓടുമോ? ഇന്ത്യൻ റെയിൽവേയിൽ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ടോ?

രിക്കലെങ്കിലും ട്രെയിനിൽ യാത്ര പോകാത്തവർ നമുക്കിടയിൽ കുറവായിരിക്കും. എന്നാൽ, ഇപ്പോഴും ട്രെയിനിനെ കുറിച്ച് നമുക്കറിയാത്ത അനേകം കാര്യങ്ങളുണ്ടാവും. ആളുകൾക്ക് എപ്പോഴും ഇത്തരം കാര്യങ്ങൾ അറിയാനും താല്പര്യമുണ്ട്. അതുപോലെ, അടുത്തിടെ Quora -യിൽ ചർച്ച ചെയ്യപ്പെട്ട ഒരു കാര്യമാണ് ഒറ്റ യാത്രക്കാരൻ മാത്രമാണെങ്കിൽ ട്രെയിൻ ഓടുമോ എന്നത്. നിങ്ങൾക്ക് എന്താണ് തോന്നുന്നത്? Quora -യിൽ ഇതേ കുറിച്ച് വലിയ ചർച്ചകൾ തന്നെ നടന്നു. എന്നാൽ, ഇന്ത്യൻ റെയിൽവേയിൽ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ടോ? ഉണ്ട്. ഒരേയൊരു യാത്രക്കാരി മാത്രമായി ഒരു ട്രെയിൻ ഓടിയിട്ടുണ്ട്. സാധാരണയായി, ഇന്ത്യൻ റെയിൽവേയിലെ ഒരു ജനറൽ ക്ലാസ് കോച്ചിൽ ഏകദേശം 250-300 യാത്രക്കാരെയാണ് ഉൾക്കൊള്ളുക. അതേസമയം തന്നെ രാജധാനി, ശതാബ്ദി തുടങ്ങിയ പ്രീമിയം ട്രെയിനുകളിലാവട്ടെ സാധാരണയായി ഒരു കോച്ചിൽ ഏകദേശം 72 സീറ്റുകളുണ്ടാവും. സ്ലീപ്പർ ക്ലാസ് കോച്ചുകളിലും ഏകദേശം 72 സീറ്റുകൾ ഉണ്ടാകും.

എന്നാൽ, 2020 സെപ്റ്റംബറിൽ ഒരു രാജധാനി എക്‌സ്പ്രസ് ഒറ്റ യാത്രക്കാരിയുമായി ഓടി. 535 കിലോമീറ്റർ യാത്ര പൂർത്തിയാക്കി പുലർച്ചെ 1:45 -ന് അവർ റാഞ്ചിയിലെത്തി. സംഭവിച്ചത് ഇതാണ്: റാഞ്ചിയിലേക്ക് പോവുകയായിരുന്നു രാജധാനി എക്‌സ്‌പ്രസ്. എന്നാൽ, ഡൽതോംഗഞ്ച് റെയിൽവേ സ്റ്റേഷനിലുണ്ടായ താനാ ഭഗത്‌സ് പ്രതിഷേധം കാരണം വണ്ടിക്ക് അവിടെ യാത്ര നിർത്തേണ്ടി വന്നു. റാഞ്ചിയിലേക്ക് 308 കിലോമീറ്റർ മാത്രമായിരുന്നു അപ്പോൾ ബാക്കി. ട്രെയിനിലുണ്ടായിരുന്നത് 930 യാത്രക്കാരാണ്. അതിൽ 929 യാത്രക്കാരെ ഇന്ത്യൻ റെയിൽവേ ബസുകൾ സംഘടിപ്പിച്ച് റാഞ്ചിയിലേക്ക് കയറ്റി വിട്ടു.

Signature-ad

എന്നാൽ, അനന്യ ചൗധരി എന്ന യാത്രക്കാരി മാത്രം താൻ ട്രെയിനിൽനിന്ന് ഇറങ്ങില്ല എന്നും ഈ ട്രെയിനിൽ തന്നെ തനിക്ക് യാത്ര ചെയ്ത് റാഞ്ചിയിൽ എത്തണമെന്നും ഉറപ്പിച്ച് പറഞ്ഞു. അവളെ അനുനയിപ്പിക്കാൻ ഉദ്യോഗസ്ഥർ നിരന്തര ശ്രമങ്ങൾ നടത്തിയെങ്കിലും, അവൾ അയഞ്ഞേയില്ല. താൻ രാജധാനി എക്സ്പ്രസിൽ മാത്രമേ യാത്ര ചെയ്യൂ. ബസിൽ പോകാനാണെങ്കിൽ ഞാൻ എന്തിനാണ് ട്രെയിൻ ടിക്കറ്റ് എടുത്തത് എന്നായിരുന്നു അവളുടെ ചോദ്യം. ഒടുവിൽ അധികാരികൾക്ക് പോലും അവൾക്ക് മുന്നിൽ വഴങ്ങേണ്ടി വന്നു.

അങ്ങനെ ട്രാക്കിൽ നിന്നും സമരക്കാർ ഒഴിഞ്ഞു എന്ന് ഉറപ്പാക്കിയ ശേഷം മറ്റൊരു റൂട്ടിലൂടെ ആ ഒറ്റയാത്രക്കാരിയുമായി റാഞ്ചിയിലേക്ക് പുറപ്പെടാനുള്ള അനുമതി ട്രെയിനിന് ലഭിച്ചു. അനന്യയ്ക്കൊപ്പം സുരക്ഷയ്ക്കായി ആർപിഎഫ് ഉദ്യോ​ഗസ്ഥരും വനിതാ കോൺസ്റ്റബിൾമാരും ഉണ്ടായിരുന്നു. യാത്രക്കാർ ആ ട്രെയിനിലേ യാത്ര ചെയ്യൂ എന്ന് നിർബന്ധം പിടിക്കുകയാണെങ്കിൽ അവരെയും കൊണ്ട് ട്രെയിൻ ഓടണം എന്നാണ് റെയിൽവേ ചട്ടം പറയുന്നത്. അനന്യയുടെ സംഭവം ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ തന്നെ ശ്രദ്ധേയമായ സംഭവമായിട്ടാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.

Back to top button
error: