ലോക ജനതയ്ക്ക് മുന്നില്‍ മറ്റൊരു കേരള മോഡലാണ് ഇതിലൂടെ സര്‍ക്കാര്‍ മുന്നോട്ട് വച്ചത്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച കൊച്ചി വാട്ടര്‍ മെട്രോ പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒക്ടോബറില്‍ ആറ് മാസം പൂര്‍ത്തിയായി. ഈ ചുരുങ്ങിയ കാലയളവില്‍ പത്ത് ലക്ഷത്തോളം ആളുകളാണ് കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഇലക്ട്രിക്ക് ബോട്ടുകളുടെ ഫ്ളീറ്റ് കൊച്ചി വാട്ടര്‍ മെട്രോയ്ക്കാണ്.
പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്ന വാട്ടര്‍ മെട്രോയുടെ ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകള്‍ ഇതിനകം അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടിക്കഴിഞ്ഞു. ഇലക്ട്രിക് ബോട്ടുകള്‍ക്കായുള്ള രാജ്യാന്തര പുരസ്കാരമായ ഗുസീസ് ഇലക്ട്രിക് ബോട്ട്സ് അവാര്‍ഡില്‍ പൊതുഗതാഗത ബോട്ടുകളുടെ വിഭാഗത്തില്‍ കൊച്ചി വാട്ടര്‍ മെട്രോ ബോട്ട് പുരസ്കാരം നേടിയിരുന്നു. ഇക്കണോമിക് ടൈംസ് ഏര്‍പ്പെടുത്തിയ 2023ലെ എനര്‍ജി ലീഡര്‍ഷിപ്പ് അവാര്‍ഡിലും മാരിടൈം മേഖലയിലെ ഷിപ്ടെക് പുരസ്കാരത്തിലും ഇന്റര്‍നാഷണല്‍ പ്രൊജക്റ്റ് മാനേജ്മെന്റ് അസോസിയേഷന് ഏര്‍പ്പെടുത്തിയ അവാര്‍ഡിലും തിളങ്ങാന്‍ കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് സാധിച്ചു.