ലഖ്‌നൗ: അമ്മയ്ക്ക് ചായയില്‍ വിഷം കലര്‍ത്തി നല്‍കി പതിനാറുകാരി. യു.പി റായ്ബറേലിയില്‍ വെള്ളിയാഴ്ചയാണ് സംഭവം. കാമുകനുമായുള്ള കുട്ടിയുടെ ബന്ധത്തെ അമ്മ എതിര്‍ക്കുകയും കാണുന്നതില്‍ നിന്ന് തടയുകയും ചെയ്തിരുന്നു. ഇതിന്റെ ദേഷ്യത്തിനാണ് വിഷം ചേര്‍ത്ത ചായ നല്‍കിയത്. എന്നാല്‍, ചായ കുടിച്ച് അമ്മ ബോധരഹിതയായപ്പോള്‍ പെണ്‍കുട്ടി പരിഭ്രാന്തരായി അയല്‍വാസികളുടെ സഹായം തേടുകയായിരുന്നു.
സംഗീത യാദവ് (48) എന്ന സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. കാമുകനെ കൊണ്ടാണ് പെണ്‍കുട്ടി വിഷം വാങ്ങിയത്. പെണ്‍കുട്ടിക്കും കാമുകനുമെതിരെ കേസെടുത്തതായി റായ്ബറേലി എസ്പി അലോക് പ്രിയദര്‍ശിനി പറഞ്ഞു. പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്നാല്‍, ആണ്‍കുട്ടി ഒളിവിലാണ്.
പെണ്‍കുട്ടിയുടെ പിതാവ് മറ്റൊരു ജില്ലയിലാണ് ജോലി ചെയ്യുന്നത്. പെണ്‍കുട്ടിയും അമ്മയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. പെണ്‍കുട്ടിക്ക് അതേ ഗ്രാമത്തില്‍ താമസിക്കുന്ന ഒരു ആണ്‍കുട്ടിയുമായി പ്രണയബന്ധമുണ്ടായിരുന്നു. കാമുകനുമായി കാണുന്നതിനെ എതിര്‍ത്തതിനാല്‍ അമ്മയുമായി പെണ്‍കുട്ടി പതിവായി വഴക്കിട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആണ്‍കുട്ടിയുമായി കണ്ടുമുട്ടുന്നത് നിര്‍ത്തണമെന്ന് സംഗീത മകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അല്ലെങ്കില്‍ പെണ്‍കുട്ടിയെ പൂട്ടിയിടുമെന്നും സംഗീത പറഞ്ഞു. ഇതില്‍ ദേഷ്യം വന്നാണ് പെണ്‍കുട്ടി അമ്മയ്ക്ക് വിഷം കൊടുത്തതതെന്ന് എസ്എച്ച്ഒ പറഞ്ഞു. പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴിയെടുത്ത ശേഷം പെണ്‍കുട്ടിക്കും കാമുകനുമെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.