KeralaNEWS

ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബുകളെ ഞെട്ടിച്ച് വീണ്ടും മഞ്ഞപ്പട; ഇന്നലെ കൊച്ചിയിൽ തടിച്ചുകൂടിയത് 34,510 പേർ

കൊച്ചി: ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടമായ മഞ്ഞപ്പട ഇന്നലെയും ഇന്ത്യൻ ഫുട്ബോളിനെ ഞെട്ടിച്ചു.ഇന്നലെ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ കാണികളുടെ എണ്ണം 34,510 ആണ്.
ഒഫീഷ്യൽ കണക്കുകളാണ് ഇത്.ആദ്യ മത്സരത്തിനും ഇതിന് സമാനമായ കണക്കുകൾ അവകാശപ്പെടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.കൊച്ചിയിലെ സ്റ്റേഡിയത്തില്‍ ഉള്‍ക്കൊള്ളിക്കാൻ കഴിയുന്ന കാണികളുടെ എണ്ണത്തില്‍ നിയന്ത്രണങ്ങള്‍ ഉള്ളതുകൊണ്ട് മാത്രമാണ് ഇതില്‍ ഒതുങ്ങുന്നത്. അല്ലെങ്കില്‍ ഇതിനേക്കാള്‍ കൂടുതല്‍ കാണികള്‍ മത്സരത്തിനായി എത്തിച്ചേരുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
മുഴുവൻ സമയവും ടീമിന് പിന്തുണയുമായി മഞ്ഞപ്പടയുടെ ചാന്റുകളും മുദ്രാവാക്യങ്ങളും സ്റ്റേഡിയത്തിൽ അലയടിച്ചുകൊണ്ടിരുന്നു.ടീം ഡൗൺ ആയി നിൽക്കുന്ന സമയത്തും പിന്തുണക്കാൻ ആരാധകർക്ക് കഴിഞ്ഞു എന്നതാണ് വാസ്തവം.സീസണിന് വിജയത്തോടെ തുടക്കം കുറിക്കാൻ ഈ ആരാധകപിന്തുണ ബ്ലാസ്‌റ്റേഴ്‌സിനെ  സഹായിച്ചിട്ടുണ്ട്.
ഇന്നലെ കേരള ബ്ലാസ്റ്റേഴ്സുമായുള്ള മത്സരത്തിന് മുൻപ് ജംഷഡ്പൂർ എഫ്‌സിയുടെ കോച്ച് സ്‌കോട്ട് കൂപ്പര്‍ പറഞ്ഞതും ഇതായിരുന്നു:
“കേരള ബ്ലാസ്‌റ്റേഴ്‌സിനെ പിന്തുണക്കുന്ന ആരാധകര്‍ വളരെ മികച്ചതാണ്. ഈ മഞ്ഞക്കടല്‍ കാണുന്നതു തന്നെ അതിമനോഹരമായ കാഴ്‌ചയാണ്‌. ഇതുപോലെയൊരു മൈതാനവും ആര്‍ത്തിരമ്ബുന്ന ഗാലറിയും അവിടെ കളിക്കുന്ന താരങ്ങള്‍ക്കും സ്റ്റാഫിനും നല്‍കുന്ന ഊര്‍ജ്ജം ചെറുതാകില്ല.എനിക്കു പേടിയും ഈ ആരാധക കൂട്ടത്തെയാണ്.എന്റെ കുട്ടികള്‍ ഒട്ടും മോശമല്ല.പക്ഷെ ആരാധകരാണ് ടീമിനെ മുന്നോട്ട് നയിക്കുന്നത്. ഇതുപോലെ ആരാധകപിന്തുണയുള്ള ഒരു ടീമിനെ നേരിടുമ്ബോള്‍ എതിരാളികളുടെ വര്‍ക്ക് റേറ്റിനൊപ്പം നമ്മളുമെത്തണം. ഇത് കാണികളുടെ എണ്ണം മാത്രമല്ല. ആ കളറും അവരുടെ ശബ്‌ദവുമെല്ലാമാണ്. അത് മനസിലാക്കി കണ്ണു തുറന്നു പിടിച്ച്‌ കളിക്കണം.ഇല്ലെങ്കില്‍ ബംഗളൂരൂവിന് സംഭവിച്ചതുതന്നെ സംഭവിക്കും”.
എവേ മൈതാനത്ത് പോലും ബ്ലാസ്റ്റേഴ്സിനെ സപ്പോർട്ട് ചെയ്യാൻ വേണ്ടി ആരാധകർ എത്താറുണ്ട്.ഇനി മുംബൈ സിറ്റിക്കെതിരെയുള്ള അടുത്ത മത്സരം അവരുടെ മൈതാനത്താണ്.പിന്നീട് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയുള്ള മത്സരത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിലേക്ക് മടങ്ങിയെത്തുക.
അതേസമയം ആർത്തിരമ്പിയ മഞ്ഞക്കടലിനെ സാക്ഷിയാക്കി ഐഎസ്‌എല്ലില്‍ തുടര്‍ച്ചയായി രണ്ടാമത്തെ മത്സരത്തിലും വിജയം കൊയ്ത് കേരള ബ്ലാസ്റ്റേഴ്‌സ്.ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയുടെ മനോഹരമായ ഗോളില്‍ കരുത്തരായ ജംഷഡ്പൂര്‍ എഫ്‌സിയെ മഞ്ഞപ്പട ഏകപക്ഷീയമായ ഒരു ഗോളിനു കീഴടക്കുകയായിരുന്നു. 74ാം മിനിറ്റിലായിരുന്നു മല്‍സരവിധി നിര്‍ണയിച്ച ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോള്‍.

വലതുവിങില്‍ നിന്നും ബോക്സിലേക്ക് വന്ന ത്രൂബോള്‍ അപ്പോൾ മാത്രം കളത്തിലിറങ്ങിയ ദിമിത്രിയോ ഡയാമെന്റക്കോസിന്റെ കാലില്‍.അദ്ദേഹത്തിന്റെ ബാക്ക് പാസ് ബോക്‌സിനകത്തേക്കു ഓടിക്കയറി പിടിച്ചെടുത്ത ലൂണ, മുന്നോട്ട് കയറിയ ഗോളി ടി പി രഹനേഷിനു ഒരു പഴുതും നല്‍കാതെ മനോഹരമായ ഒരു വലംകാല്‍ ഷോട്ടിലൂടെ ഫസ്റ്റ് പോസ്റ്റിന്റെ മൂലയിലേക്കു അടിച്ചുകയറ്റുകയായിരുന്നു.

കടുത്ത പ്രതിരോധവും നിരന്തരമായ പ്രെസിങ്ങും കൊണ്ട് ജംഷഡ്‌പൂർ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ബുദ്ധിമുട്ടിച്ച മത്സരത്തിൽ എഴുപത്തിനാലാം മിനുട്ടിലാണ് ലൂണ ഡെഡ്‌ലോക്ക് പൊട്ടിച്ചത്.പുതിയതായി ടീമിലെത്തിയ ജാപ്പനീസ് താരമായ ഡൈസുകെ സകായി വിങ്ങിൽ നിന്നും മുന്നേറി വന്നു  നൽകിയ പാസ് ദിമിത്രിയോസിനു നൽകി താരത്തിൽ നിന്നും അത് മടക്കിയെടുത്താണ് ബോക്‌സിനുള്ളിൽ ലൂണ ഗോൾകീപ്പർ റഹ്നേഷിനെ കീഴടക്കിയത്.
ഡൈസുകെയിൽ നിന്നും ലൂണ പന്ത് സ്വീകരിക്കുന്ന സമയത്ത് ജംഷഡ്‌പൂരിന്റെ രണ്ടു ഡിഫെൻഡർമാക്കിടയിൽ നിൽക്കുകയായിരുന്നു ദിമിത്രിയോസ്. ദിമിത്രിയോസിനെ ഒരൊറ്റ നോട്ടം നോക്കിയാണ് താരത്തിന്റെ പൊസിഷനിലേക്ക് ലൂണയുടെ ബാക്ക്ഹീൽ ഫ്ലിക്ക് പാസ് പിറന്നത്.അതിനു ശേഷം സ്‌പേസിലേക്ക് താരം ഓടുകയും ചെയ്‌തു.ലൂണയ്ക്ക് പിഴച്ചില്ല;ദിമിത്രിയോസിനും.
കഴിഞ്ഞ സീസണിൽ ഒരുമിച്ചു കളിച്ച താരങ്ങളാണ് ലൂണയും ദിമിത്രിയോസും. അതിന്റെ ഒത്തിണക്കം അവർ വീണ്ടും ഒരുമിച്ചപ്പോൾ മുതൽ പ്രകടമായിരുന്നു. രണ്ടാം പകുതിയിൽ ദിമിത്രിയോസ് ഇറങ്ങിയതിനു ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ കൂടുതൽ മൂർച്ചയുള്ള മുന്നേറ്റങ്ങളും ഗോളും ഉണ്ടായത്.കഴിഞ്ഞ തവണ ബ്ലാസ്റ്റേഴ്സിനായി 12 ഗോളുകൾ നേടിയ താരമാണ് ദിമിത്രിയോസ്.പരിക്കിന്റെ പിടിയിലായിരുന്ന താരം ഈ‌ സീസണിൽ ആദ്യമായാണ് ഇന്നലെ കളത്തിലിറങ്ങിയത്.
Signature-ad

പത്താം സീസണില്‍ ബ്ലാസ്‌റ്റേഴ്സിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ വിജയം കൂടിയാണിത്.നേരത്തേ കൊച്ചിയില്‍ തന്നെ നടന്ന ഉദ്ഘാടന മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ ബെംഗളൂരു എഫ്‌സിയെ 2-1നു തകര്‍ത്തായിരുന്നു മഞ്ഞപ്പട സീസണ് തുടക്കമിട്ടത്.

Back to top button
error: