FeatureNEWS

ഇന്ത്യയുമായി ദൃഢബന്ധം; ലോകത്തെ അത്ഭുതപ്പെടുത്തി ഇസ്രായേലിന്റെ ‘മൊസാദ്’

വെറും 90 ലക്ഷം ജനങ്ങള്‍ മാത്രം വസിക്കുന്ന ഒരു ചെറു രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് എത്തിപ്പെടാത്ത ഒരിടവും ലോകത്തില്ല എന്നതാണ് പലപ്പോഴും അത്ഭുതകരമായി തോന്നുന്നത്.

എല്ലാ തരത്തിലുള്ള രാഷ്‌ട്രീയ ഇടപെടലുകള്‍ക്ക് അതീതമാണ് മൊസാദ്.പ്രധാനമന്ത്രിയോട് മാത്രമാണ് മൊസാദിന്റെ ഡയറക്ടര്‍ക്ക് നേരിട്ട് മറുപടി പറയാന്‍ ബാധ്യതയുള്ളത്.മൊസാദിന് കീഴില്‍ ഏഴായിരത്തോളം പേരാണ് നേരിട്ട് ജോലി ചെയ്യുന്നത്. 2.73 ബില്യണ്‍ ഡോളര്‍ ആണ് മൊസാദിന്റെ ശരാശരി പ്രതിവര്‍ഷ ബജറ്റ്.ഇത് ഓഡിറ്റിങ്ങിന് വിധേയമല്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ ചാരസംഘടനകളില്‍ ഒന്നായി മൊസാദിനെ നിലനിര്‍ത്തുന്നതും ഇതു തന്നെ!

Signature-ad

ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുമായി അടുത്ത ബന്ധമാണ് മൊസാദിനുള്ളത്. 1984 ലെ ബ്ലൂസ്റ്റാര്‍ ഓപ്പറേഷനില്‍ പങ്കെടുത്ത ഇന്ത്യന്‍ സ്‌പെഷ്യല്‍ ഗ്രൂപ്പ് കമാന്‍ഡോകളെ പരിശീലിപ്പിച്ചത് മൊസാദായിരുന്നു.മൊസാദിന്റെ പ്രതികാരങ്ങളില്‍ ഏറ്റവും അധികം വാഴ്‌ത്തപ്പെട്ടത് മ്യൂണിക്ക് കൂട്ടക്കൊലയ്‌ക്കുള്ള പ്രതികാരം ആയിരുന്നു. 1972 ലെ സമ്മര്‍ ഒളിംപിക്‌സ് നടന്നത് പശ്ചിമ ജര്‍മനിയിലെ മ്യൂണിക്കില്‍ വച്ചായിരുന്നു.

ഇസ്രായേല്‍- പലസ്തീന്‍ പ്രശ്‌നം കത്തിനിന്നിരുന്ന കാലം. പലസ്തീന്‍ തീവ്രവാദ സംഘമായ ‘ബ്ലാക്ക് സെപ്തംബര്‍’ ഇസ്രായേല്‍ ഒളിംപിക് സംഘത്തിലെ ഒമ്ബത് പേരെ ബന്ദിയാക്കുകയും രണ്ട് പേരെ കൊലപ്പെടുത്തുകയും ചെയ്തു. 234 പലസ്തീന്‍ തടവുകാരെ വിട്ടയക്കണം എന്നതായിരുന്നു ബ്ലാക്ക് സെപ്തംബറിന്റെ ആവശ്യം.എന്നാല്‍ അതിന് ഇസ്രായേല്‍ തയ്യാറായിരുന്നില്ല.

കമാന്‍ഡോ ഓപ്പറേഷനിലൂടെ ബന്ദികളെ മോചിപ്പിക്കാന്‍ ആയിരുന്നു ഇസ്രായേല്‍ തീരുമാനം.ബ്ലാക്ക് സെപ്തംബര്‍ സംഘത്തിലെ അഞ്ച് പേരെ വധിക്കുകയും മൂന്ന് പേരെ പിടികൂടുകയും ചെയ്തു.എന്നാല്‍ അതുകൊണ്ട് ഇസ്രായേലിന്റെ പ്രതികാരം അവസാനിച്ചില്ല. ആ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരേയും കണ്ടെത്തി കൊലപ്പെടുത്താന്‍ ഇസ്രായേല്‍ തീരുമാനിക്കുകയായിരുന്നു.അതിന് മൊസാദിനെ ചുമതലപ്പെടുത്തി.

‘ഓപ്പറേഷന്‍ റാത്ത് ഓഫ് ഗോഡ്’ എന്നായിരുന്നു ആ ഓപ്പറേഷന് പേര് നല്‍കിയത്- ദൈവത്തിന്റെ ഉഗ്രകോപം! ഓപ്പറേഷന്‍ ബയനെറ്റ് എന്നും അത് അറിയപ്പെടുന്നു. ഏതാണ്ട് 20 വര്‍ഷമെടുത്തു, മ്യൂണിക്ക് കൂട്ടക്കൊലയ്‌ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിന്തുടര്‍ന്ന് കൊലപ്പെടുത്താന്‍ മൊസാദ് എടുത്തത്. 35 പേരാണ് ഇത്തരത്തില്‍ മൊസാദിനാല്‍ കൊല ചെയ്യപ്പെട്ടത്.

മൊസാദിന്റെ നേതൃത്വത്തിൽ രാജ്യത്തെ പൗരന്മാരെ രക്ഷിച്ച സംഭവമാണ് ‘എന്റെബെ മിഷൻ’ അഥവാ തണ്ടബോൾട്ട്.1976 ജൂണിൽ ടെൽ അവീവിൽ നിന്ന് പാരിസിലേക്കുള്ള എയർ ഫ്രാൻസിന്റെ എയർബസ് 246 ജീവനക്കാരുമായി പറന്നുയർന്നു.യാത്രക്കിടെ ഏതൻസിൽ നിന്ന് 58 യാത്രക്കാർ കൂടി വിമാനത്തിൽ കയറി.ഇവരിൽ നാലുപേർ വിമാന റാഞ്ചികളായിരുന്നു.നിമിഷങ്ങൾക്കകം വിമാനം റാഞ്ചി. തട്ടിയെടുത്ത വിമാനം ലിബിയയിലെ ബംഗാസി വിമാനത്താവളത്തിൽ ഇറക്കി.  ബംഗാസിയിലുള്ളപ്പോൾ യാത്രക്കാരിൽ ഒരാളെ ബന്ദികൾ വിട്ടയച്ചു.തുടർന്ന് ജൂൺ 28ന് ഉച്ചക്ക് വീണ്ടും പറന്നുയർന്നു.

 

24 മണിക്കൂർ യാത്രക്ക് ശേഷം ഉഗാണ്ടയുടെ തലസ്ഥാനമായ എന്റെബെയിൽ ഇറങ്ങി. റാഞ്ചികൾക്കൊപ്പം ആയുധധാരികളായ നാലുപേർ കൂടി ചേർന്നു.ഇസ്രയേലിൽ ജയിലിൽ കഴിയുന്ന 56 ഭീകരരെ വിട്ടയയ്ക്കുക, 50 ലക്ഷം ഡോളർ കൈമാറുക എന്നിവയായിരുന്നു റാഞ്ചികളുടെയും ഉഗാണ്ട പ്രസിഡന്റിന്റ് ഇദി അമീനീനിന്റെയും ആവശ്യം.ബന്ദികളിൽ എൻപതോളം പേർ ഇസ്രായേൽ പൗരന്മാരായിരുന്നു.ആവശ്യം നിരാകരിച്ചാൽ ഇവരെ വധിക്കുമെന്നായിരുന്നു ഭീഷണി.

 

എന്തുവിലകൊടുത്തും പൗരന്മാരെ മോചിപ്പിക്കാൻ ഇസ്രായേൽ ശ്രമം തുടങ്ങി. ആഫ്രിക്കൻ മേഖലയിലെ, ഇസ്രയേലിന്റെ സൗഹൃദ രാജ്യങ്ങളുമായെല്ലാം ചർച്ചകൾ നടത്തി.പക്ഷെ ഒരു പ്രയോജനവും ഉണ്ടായിരുന്നില്ല.ജൂലൈ നാലിന് വിമാനത്തിൽ ഉണ്ടായിരുന്ന 148 പേരെ റാഞ്ചികൾ വിട്ടയച്ചു.ഇതോടെ പത്ത് ഫ്രഞ്ച് പൗരന്മാരും 84 ഇസ്രായേൽ പൗരന്മാരും വിമാനത്തിൽ അവശേഷിച്ചു. തുടർന്ന് അവരെ രക്ഷിക്കുക എന്നതായി ദൗത്യം.

 

ജൂലൈ മൂന്നിന് വൈകിട്ട് 6.30 നാണ് ‘മിഷൻ എന്റെബെ’യ്ക്ക് ഇസ്രയേൽ മന്ത്രിസഭ അനുമതി നൽകിയത്.പിന്നീടുള്ള മണിക്കൂറുകളിൽ കാര്യങ്ങൾ തകൃതിയായി നടന്നു.എന്നാൽ അനുമതി ലഭിക്കും മുൻപുതന്നെ ഇസ്രയേലിന്റെ കമാൻഡോ സംഘം എല്ലാ ഒരുക്കങ്ങളും പരിശീലനവും നടത്തിയിരുന്നു. വ്യക്തമായ മാപ്പിങ് നടത്തി. എയര്‍പോര്‍ട്ട് നിർമിച്ചവരിൽനിന്ന് ഓരോ വിവരവും ശേഖരിച്ചതുൾപ്പടെ മൊസാദിന്റെ രഹസ്യ നീക്കങ്ങളും ഇതോടൊപ്പം നടന്നു.

 

ബന്ദികളെ മാറ്റി പാര്‍പ്പിച്ചിരുന്ന കെട്ടിടത്തിന്റെ മാതൃക തന്നെ നിർമിച്ചാണ് കമാന്‍ഡോകള്‍ പരിശീലനം നടത്തിയത്. ദൗത്യത്തിനു വേണ്ട സാങ്കേതിക സംവിധാനങ്ങൾ വരെ ആ നാലു ദിവസം കൊണ്ട് ഇസ്രയേൽ ഗവേഷകർ വികസിപ്പിച്ചെടുത്തു.എന്നാൽ ഇസ്രയേലും ഉഗാണ്ടയും തമ്മിൽ വലിയ ദൂരമുണ്ടായിരുന്നു. ഇത്രയും ദൂരം പോർവിമാനങ്ങൾ പറന്ന് ദൗത്യം നടത്തി മടങ്ങുക എന്നത് ഇസ്രയേൽ സേനയെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരുന്നു. ഇസ്രയേലിൽനിന്ന് ഉഗാണ്ടയിലേക്ക് ഏകദേശം 4000 കിലോമീറ്റർ ദൂരമുണ്ട്. ഇത്രയും ദൂരം സഞ്ചരിക്കണമെങ്കിൽ ഇടയ്ക്ക് ഇന്ധനം നിറയ്ക്കേണ്ടിവരും. ഇതിനുള്ള വഴികളും അവര്‍ കണ്ടെത്തി -കെനിയയുടെ സഹായം.

 

ഉഗാണ്ടയുമായി അകന്നു നിന്നിരുന്ന കെനിയ ഇസ്രയേലിനെ സഹായിക്കാമെന്നു പറഞ്ഞു. ലാൻഡ് ചെയ്യുന്ന ഇസ്രയേല്‍ വിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാനുള്ള സൗകര്യമൊരുക്കാമെന്ന് കെനിയ ഉറപ്പു നൽകി.ജൂലൈ നാലിനു വൈകിട്ടാണ് നാലു ഭീമൻ ഹെര്‍ക്കുലീസ് വിമാനങ്ങള്‍ ഇസ്രയേലില്‍നിന്ന് ടേക്ക് ഓഫ് ചെയ്തത്. നൂറോളം പേരാണ് സംഘത്തിലുണ്ടായിരുന്നത്. സൗദി അറേബ്യ, ലിബിയ തുടങ്ങിയ രാജ്യങ്ങളുടെ റഡാറിൽ കുടുങ്ങാതിരിക്കാൻ വിമാനങ്ങള്‍ ചെങ്കടലിനു മുകളിലൂടെയാണ് പറന്നത്. അതും കേവലം മുപ്പത് മീറ്റര്‍ ഉയരത്തിൽ.

 

ജൂലൈ നാലിനു രാത്രി പതിനൊന്നിന് എന്റെബേ എയര്‍ ട്രാഫിക്കിനെ ഇരുട്ടിലാക്കി മൂന്നു വിമാനങ്ങളും ഉഗാണ്ടയിൽ ലാൻഡ് ചെയ്തു.ഒരു വിമാനം നിരീക്ഷിച്ചു വട്ടമിട്ടു പറന്നു. റാഞ്ചികൾ കരുതിയത് ഈദി അമീനിന്റെ പ്രത്യേക വിമാനമാണ് വട്ടമിട്ടു പറക്കുന്നതെന്നാണ്. മറിച്ചൊന്ന് ചിന്തിക്കാൻ ഉഗാണ്ടൻ സൈന്യത്തിനും കഴിഞ്ഞില്ല.ഇസ്രായേലിൽനിന്നു വിമാനം വഴി കൊണ്ടുവന്ന കറുത്ത ലാൻഡ് റോവറാണ് കമാൻഡോകൾ ഉപയോഗിച്ചത്.

 

ഉഗാണ്ടയിൽ ഈദി അമീന്‍ ഉപയോഗിക്കുന്നത് കറുത്ത ലാന്‍ഡ് റോവര്‍ കാറാണ്.ഈ കാറിൽ കമാന്‍ഡോകള്‍ ബന്ദികളെ പാർപ്പിച്ചിരുന്ന കെട്ടിടത്തിലേക്കു നീങ്ങി. എന്നാൽ രണ്ടു പേർ കാർ തടഞ്ഞു. ദിവസങ്ങൾക്ക് മുൻപ് ഈദി അമീൻ വെളുത്ത ബെൻസ് വാങ്ങിയിരുന്നു. ഇതാണ് സംശയത്തിനു കാരണമായത്.എന്നാൽ ഇസ്രയേലി കമാന്‍ഡോകളുടെ തോക്കുകള്‍ അവരെ തീർത്തു. നിമിഷ നേരത്തിനുളളിൽ കമാൻഡോകൾ കെട്ടിടത്തിലേക്ക് ഇരച്ചു കയറി. ബന്ദികളോടെല്ലാം നിലത്ത് കിടക്കാൻ ഉത്തരവിട്ടു.ഹീബ്രുവിലായിരുന്നു സംസാരം.എല്ലാം നിമിഷ നേരം കൊണ്ട് കഴിഞ്ഞു.106 പേരിൽ 102 പേരെയും രക്ഷിക്കാനായി.നാലുപേർ കൊല്ലപ്പെട്ടു.ഇതിനിടെ എല്ലാ റാഞ്ചികളെയും കൊന്നൊടുക്കി.

 

ഒരു ഭാഗത്ത് ബന്ദികളെ രക്ഷിക്കാൻ തോക്കുകൾ ശബ്ദിച്ചപ്പോൾ മറുഭാഗത്ത് എയർ പോർട്ടിലുണ്ടായിരുന്ന ഉഗാണ്ടന്‍ വ്യോമസേനയുടെ 30 മിഗ് പോർ വിമാനങ്ങള്‍ ഇസ്രയേല്‍ സേന തകര്‍ത്തു.56 മിനിറ്റ് നീണ്ട ദൗത്യത്തിനു ശേഷം അന്നു രാത്രി തന്നെ ഇസ്രയേല്‍ സേന ബന്ദികളുമായി എന്റെബേയില്‍ നിന്ന് പറന്നുയർന്നു.

 

മൊസാദിന്റെ തൊപ്പിയിലെ പൊന്‍തൂവലായ ആ സംഭവം നടന്നിട്ട് നാലു ദശാബ്ദം പിന്നിട്ടിരിക്കുന്നു.അതുപോലെ എത്രയെത്ര സംഭവങ്ങള്‍. ഇന്ത്യയുമായി ഇസ്രയേല്‍ നല്ല ബന്ധം സൂക്ഷിക്കുന്നതുപോലെ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുമായി മൊസാദിന് ദൃഢ ബന്ധമാണുള്ളത്. പാകിസ്ഥാനും ചൈനയും തമ്മിലുള്ള സൈനികബന്ധത്തിന്റെ വിവരങ്ങള്‍ ലഭിക്കാന്‍ സാക്ഷാല്‍ ഇന്ദിരാഗാന്ധിവരെ മൊസാദിന്റെ സഹായം തേടിയിട്ടുണ്ടെന്നത് ചരിത്രം. മൊസാദിനെ ആസ്പദമാക്കി ധാരാളം സിനിമകളും പുറത്തുവന്നിട്ടുണ്ട്. ലോകത്തെ പ്രമുഖ രാജ്യങ്ങളിലെല്ലാം മൊസാദിന്റെ ഏജന്റുമാര്‍ ഉണ്ടെന്നാണ് വിവരം. എന്നാല്‍ ആരാലും തിരിച്ചറിയാന്‍ കഴിയാത്തവണ്ണമുള്ള പ്രവര്‍ത്തന രീതികള്‍ ഇവരെ സുരക്ഷിതരാക്കുന്നു.
 
 
രാജ്യത്തിനെതിരെ എന്താക്രമണമുണ്ടായാലും തന്ത്രപരമായി നേരിടുന്നതില്‍ മുന്നിൽ നിൽക്കുന്ന രാജ്യമാണ് ഇസ്രായേൽ. ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജൻസി മൊസാദിന്റെ പ്രവർത്തനങ്ങള്‍ ലോകരാജ്യങ്ങൾക്ക് തന്നെ മാതൃകയാണ്. 1949 ഡിസംബര്‍ 13ന് രൂപീകരിച്ചതു മുതല്‍ ഇന്നുവരെ ബുദ്ധിയിലും ശക്തിയിലും മൊസാദിനെ കടത്തിവെട്ടുന്ന ഒരു ചാരസംഘടന ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം.
 
ചിറക് വിരിച്ചു നില്‍ക്കുന്ന ആ പരുന്തിന്റെ ചിത്രത്തിലുണ്ട് എല്ലാം. ഏതു ലോകരാജ്യങ്ങളിലെ രഹസ്യവും റാഞ്ചാന്‍ നടക്കുന്ന പരുന്തുകളാണവര്‍.ഇസ്രയേല്‍ എന്ന ചെറിയരാജ്യത്തിന്റെ സുരക്ഷ മൊത്തമായി വഹിക്കുന്ന അതിബുദ്ധിമാന്മാര്‍ നിറഞ്ഞ ചാരസംഘടന –  അതാണ് മൊസാദ്.

Back to top button
error: