ഛത്രപജി ശിവജി, ബിജാപുര്‍ സൈനിക മേധാവി അഫ്സല് ഖാനെ പരാജയപ്പെടുത്താന്‍ ഉപയോഗിച്ച ‘കടുവ നഖം’ (വാഘ് നാഖ്) എന്നറിയപ്പെടുന്ന കഠാര ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു. ശിവജിയുടെ കിരീടധാരണത്തിന്റെ 350-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ഈ അപൂര്‍വ്വായുധം ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത്. ലണ്ടനിലെ വിക്ടോറിയ ആന്‍ഡ് ആല്‍ബര്‍ട്ട് മ്യൂസിയത്തില്‍ നിന്ന് മൂന്ന് വര്‍ഷത്തെ പ്രദര്ശനത്തിനായിട്ടാണ് കടുവ നഖം ഇന്ത്യയിലെത്തുന്നത്. ആയുധം തിരികെ നല്‍കുന്നതിനുള്ള കരാറില്‍ മഹാരാഷ്ട്ര സാംസ്കാരിക മന്ത്രി സുധീര്‍ മുംഗന്തിവാര് ഇന്ന് ഒപ്പുവയ്ക്കുമെന്നാണ് വിവരം.
ദക്ഷിണ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് മ്യൂസിയത്തിലാകും പ്രദര്‍ശനം ഉണ്ടാകുക. കടുവയുടെ നഖപാദത്തിന് സമാനമായ ഈ ആയുധം ബിജാപുര്‍ സുല്‍ത്താന്റെ സേനാത്തലവനായ അഫ്സല് ഖാനെ വധിക്കാന്‍ 1659-ല്‍ ശിവജി ഉപയോഗിച്ചതാണ് ഈ വാഘ് നഖിന്റെ പ്രാധാന്യം. മറാത്താ സാമ്രാജ്യം സ്ഥാപിക്കുന്നതിനുള്ള ശിവജിയുടെ ശ്രമങ്ങളില്‍ സുപ്രധാന വഴിത്തിരിവായാണ് പ്രതാപ്ഗഡില്‍ നടന്ന യുദ്ധത്തില്നേടിയ വിജയം വിലയിരുത്തപ്പെടുന്നത്.
ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥനായ ജയിംസ് ഗ്രാന്റ് ഡഫ് ആണ് വാഘ് നഖിനെ ബ്രിട്ടനിലേക്ക് കൊണ്ടുപോയത്. പിന്നീട് ഡഫിന്റെ പിന്തലമുറക്കാര് ആയുധം മ്യൂസിയത്തിന് കൈമാറുകയായിരുന്നു.
മറാഠിയില്‍ ‘വാഘ് നഖ്’, ‘വാഘ് നഖ്യ’ എന്നും ഹിന്ദിയില്‍ ‘ബാഘ് നഖ്’ (ബാഘ് എന്നാല്‍ കടുവ) അറിയപ്പെടുന്ന ഈ ആയുധം രജപുത്രരാണ് ആദ്യം ഉപയോഗിച്ചതെന്നാണ് കരുതപ്പെടുന്നത്. കൈക്കുള്ളില്‍ ഒളിപ്പിച്ചുവെച്ച ‘വാഘ് നഖ്’ ശത്രുക്കളുടെ ശ്രദ്ധയില്‍ പെടില്ല. ശരീരത്തിന്റെ ത്വക്ക് കടന്ന് പേശീകളിലേക്ക് തുളച്ചുകയറാന്‍ വാഘ് നഖിന് അനായാസം സാധിക്കും. ശത്രുവിനെ എളുപ്പത്തില്‍ കീഴടക്കാനുള്ള മികച്ച ആയുധമായാണ് വാഘ് നഖിനെ കണക്കാക്കുന്നത്.
അതേസമയം, വാഘ് നഖിന്റെ ആധികാരികതയെ കുറിച്ച് മഹാരാഷ്ട്രയില്‍ സംവാദങ്ങളുയരുന്നുണ്ട്. ശിവജി വാഘ് നഖ് ഉപയോഗിച്ചിട്ടില്ലെന്ന് വിക്ടോറിയ ആന്‍ഡ് ആല്‍ബര്‍ട്ട് മ്യൂസിയത്തിന്റെ വെബ്സൈറ്റില്‍ പറയുന്നതായി ചരിത്രകാരനായ ഇന്ദര്‍ജിത് സാവന്ത് പറയുന്നു. ശിവസേന നേതാവ് ആദിത്യ താക്കറെയും വാഘ് നഖിന്റെ ആധികാരികതയെ കുറിച്ച് ചോദ്യമുയര്‍ത്തിയിരുന്നു.