മോസ്കോ: റഷ്യയുടെ കരിങ്കടൽ സേനാ കമാണ്ടർ കൊല്ലപ്പെട്ടതായി യുക്രൈൻ. അഡ്മിറൽ വിക്ടർ സൊഖോലോവ് കൊല്ലപ്പെട്ടത് വെള്ളിയാഴ്ച നടന്ന ആക്രമണത്തിലാണെന്നാണ് യുക്രൈൻ വാദിക്കുന്നത്. എന്നാൽ യുക്രൈൻ വാദത്തേക്കുറിച്ച് റഷ്യ ഇനിയും പ്രതികരിച്ചിട്ടില്ല. തിങ്കളാഴ്ചയാണ് യുക്രൈൻറെ പ്രത്യേക സേന അഡ്മിറൽ വിക്ടർ സൊഖോലോവ് കൊല്ലപ്പെട്ടെന്ന അവകാശവാദം ഉയർത്തിയത്. ക്രീമിയയിലെ സെവാസ്റ്റോപോളിലുണ്ടായ മിസൈൽ ആക്രമണത്തിൽ ഒപ്പമുണ്ടായിരുന്ന 33 ഉദ്യോഗസ്ഥർക്കൊപ്പമാണ് വിക്ടർ സൊഖോലോവ് കൊല്ലപ്പെട്ടതെന്നാണ് വാദം. റഷ്യയിലെ ഏറ്റവും മുതിർന്ന നാവിക ഉദ്യോഗസ്ഥരിലൊരാളാണ് വിക്ടർ സൊഖോലോവ്. ക്രീമിയയിൽ യുക്രൈൻ ആക്രമണം ശക്തമായതിന് പിന്നാലെ റഷ്യ കൂടുതൽ ഉദ്യോഗസ്ഥരേയും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു. 19 മാസമായി തുടരുന്ന യുദ്ധത്തിൽ യുക്രൈനെതിരായ ആകാശ പോരിന് റഷ്യക്ക് താവളമായിരുന്ന മേഖലയാണ് ക്രീമിയ.
കീവിന്റെ സുപ്രധാന തിരിച്ചടികളിലൊന്നായാണ് വിക്ടർ സൊഖോലോവിന്റെ കൊലയെ യുക്രൈൻ വിശേഷിപ്പിക്കുന്നത്. 2014ലാണ് റഷ്യ ക്രീമിയ യുക്രൈനിൽ നിന്ന് പിടിച്ചെടുത്തത്. കരിങ്കടലിലെ സേനാ വിന്യാസത്തിന്റെ ഹെഡ്ക്വാട്ടേഴ്സിനെ നേരെയുണ്ടായ ആക്രമണത്തിൽ 34 ഉദ്യോഗസ്ഥർ കൊല്ലപ്പട്ടതായാണ് റോയിട്ടേഴ്സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 105ഓളം പേർക്കാണ് മിസൈൽ ആക്രമണത്തിൽ പരിക്കേറ്റതെന്നാണ് വിവരം. ഹെഡ് ക്വാട്ടേഴ്സ് കെട്ടിടത്തിനെ ഇനി പൂർവ്വ സ്ഥിതിയിലേക്ക് കൊണ്ടുവരാൻ സാധിക്കാത്ത രീതിയിൽ തകർത്തതായാണ് യുക്രൈൻ അവകാശപ്പെടുന്നത്.
ടെലിഗ്രാം മെസേജിംഗ് ആപ്പിലാണ് പ്രത്യേക സേന ഇക്കാര്യം വിശദമാക്കിയത്. എന്നാൽ കൊല്ലപ്പെട്ടവരുടെ എണ്ണവും പരിക്കേറ്റവരുടെ എണ്ണവും യുക്രൈൻ എങ്ങനെ കണ്ടെത്തിയെന്ന കാര്യത്തിൽ ഇനിയും വ്യക്തത വരാനുണ്ട്. അതേസമയം ആക്രമണത്തിന് ശേഷമുള്ള റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ ഒരാളെ കാണാതായെന്നാണ് റഷ്യ വിശദമാക്കിയത്. ഇയാൾ കൊല്ലപ്പെട്ടതായി റഷ്യ പിന്നീട് വിശദീകരിച്ചിട്ടുണ്ട്. അഞ്ച് മിസൈലുകളെ നിർവീര്യമാക്കിയെന്നും റഷ്യ അവകാശപ്പെടുന്നുണ്ട്. ഈ മാസം ആദ്യത്തിൽ യുക്രൈൻ കരിങ്കടലിലെ നാവികസേനാ കേന്ദ്രത്തിൽ 10 ക്രൂയിസ് മിസൈൽ വർഷിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം വിശദമാക്കിയിരുന്നു.