കൊല്ലം: സംസ്ഥാനത്തെ ജവഹര്‍ ബാലഭവനുകളിലെ ജീവനക്കാര്‍ക്ക് ശമ്പളം വൈകുന്നുവെന്ന് ആക്ഷേപം. കൊല്ലം ജില്ലയില്‍ മാത്രം ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയിട്ട് 11 മാസം കഴിഞ്ഞു. സാംസ്കാരിക വകുപ്പില്‍ നിന്നുള്ള ഗ്രാന്‍ഡ് വൈകുന്നതാണ് പ്രതിസന്ധിയ്ക്ക് കാരണം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കുറഞ്ഞ ഫീസ് നിരക്കില്‍ നൃത്തവും സംഗീതവും വാദ്യോപകരണങ്ങളും അഭ്യസിപ്പിക്കുന്ന കലാകാരന്മാരോടാണ് സര്‍ക്കാരിന്റെ അവഗണന. മാസങ്ങളായി ശമ്പളം കിട്ടാതായാതോടെ ദുരിതത്തിലാണ് ഈ കലാകാരന്മാര്.
സംസ്ഥാനത്തെ അഞ്ച് ജവഹര്‍ ബാലഭവനുകളില്‍ കൊല്ലത്തെ ബാലഭവനിലെ ജീവനക്കാര്‍ക്ക് ഏകദേശം ഒരു കൊല്ലമായി ശമ്പളമില്ല. തൃശ്ശൂരിലും ആലപ്പുഴയിലും ശമ്പളം മുടങ്ങിയിട്ട് ആറു മാസമായി. പ്രതിവര്‍ഷം രണ്ടു കോടി ബാലഭവനുകള്‍ക്കുള്ള രൂപയാണ് സര്‍ക്കാര്‍ ഗ്രാന്‍ഡ്. ഇത് മുടങ്ങിയതോടെയാണ് ശമ്പളമടക്കമുള്ള ചെലവുകള്‍ക്ക് പ്രതിന്ധിയായത്. 25 പേര് ജോലി ചെയ്യുന്ന കൊല്ലത്ത് മാത്രം ശമ്പളത്തിനായി വേണ്ടത് പ്രതിവര്‍ഷം 85 ലക്ഷം രൂപയാണ്.
ഫീസ് ഇനത്തിലും ഓഡിറ്റോറിയം വാടക ഇനത്തിലും തനതു വരുമാനമുണ്ടെങ്കിലും സര്‍ക്കാര്‍ ഗ്രാന്‍ഡ് കൃത്യമായി കിട്ടാത്തതിനാല്‍ അതു മാത്രം മതിയാകില്ല ശമ്പളത്തിന്. സാംസ്കാരിക വകുപ്പ് മന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്കി ഓണ നാളുകളില്‍ പ്രതിഷേധം സംഘടിപ്പിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്ന് അധ്യാപകര്‍ പറയുന്നു.