CrimeNEWS

സൈനികനെ ആക്രമിച്ച് മുതുകില്‍ പി.എഫ്.ഐയെന്ന് എഴുതി; അടിമുടി ദുരൂഹത, അന്വേഷണം ഊര്‍ജിതം

കൊല്ലം: കടയ്ക്കല്‍ ഇട്ടിവ ചാണപ്പാറയില്‍ സൈനികനെ മര്‍ദിച്ച് മുതുകില്‍ പി.എഫ്.ഐ. എന്നെഴുതിയ സംഭവത്തില്‍ മിലിറ്ററി ഇന്റലിജന്‍സും പോലീസും അന്വേഷണം തുടങ്ങി. മര്‍ദനമേറ്റ ചാണപ്പാറ ബി.എസ്.ഭവനില്‍ ഷൈനു(35)മായി പോലീസ് സംഭവസ്ഥലത്തെത്തി തെളിവെടുത്തു. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ ആരംഭിച്ച തെളിവെടുപ്പ് ഉച്ചവരെ നീണ്ടു.

രാജസ്ഥാനില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് മെക്കാനിക്കല്‍ വിഭാഗത്തില്‍ ഹവില്‍ദാറാണ് ഷൈന്‍. ഒരുമാസംമുമ്പ് അവധിക്ക് നാട്ടിലെത്തിയ ഷൈന്‍ തിങ്കളാഴ്ച മടങ്ങാനിരിക്കെ ഞായറാഴ്ച രാത്രി 12-നാണ് സംഭവം നടന്നതായി പറയുന്നത്.

Signature-ad

മുക്കടയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ പോയതിനുശേഷം ബൈക്കില്‍ മടങ്ങിയ ഷൈനിനെ മുക്കട സ്‌കൂളിനും ചാണപ്പാറയ്ക്കും ഇടയ്ക്കുള്ള റബ്ബര്‍ തോട്ടത്തിനു സമീപംവെച്ച് മൂന്നുപേര്‍ കൈകാണിച്ചു നിര്‍ത്തുകയായിരുന്നു. പരിക്കേറ്റുകിടക്കുന്ന ഒരാളെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിക്കാമോ എന്നു ചോദിച്ചുകൊണ്ട് തോട്ടത്തിലേക്ക് കൊണ്ടുപോയി. അവിടെയുണ്ടായിരുന്ന മൂന്നുപേര്‍ ഉള്‍പ്പെടെ ആറുപേര്‍ചേര്‍ന്ന് മര്‍ദിച്ചു. വായിലും കൈകളിലും ടേപ്പ് ഒട്ടിച്ചശേഷം ടീ ഷര്‍ട്ട് വലിച്ചുകീറി പച്ച പെയിന്റുകൊണ്ട് പി.എഫ്.ഐ. എന്ന് എഴുതുകയായിരുന്നെന്നാണ് ഷൈന്‍ പോലീസിനു നല്‍കിയ മൊഴി.

ഷൈന്‍ ആദ്യം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സതേടി. കൊട്ടാരക്കര ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ഫൊറന്‍സിക്, ഫിംഗര്‍ പ്രിന്റ് വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം നടത്തി. പാങ്ങോട്ടുനിന്ന് മിലിറ്ററി ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും ഷൈനിനെ ചോദ്യംചെയ്തുവരികയാണ്. എന്നാല്‍, സംഭവസ്ഥലത്തുനിന്ന് പോലീസിന് കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ലെന്നാണ് അറിയുന്നത്. ഒന്നിലധികം തവണ ചോദ്യംചെയ്‌തെങ്കിലും ഷൈന്‍ പറയുന്നത് പൂര്‍ണമായും പോലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല.

Back to top button
error: