കോട്ടയം: ബാങ്കിന്റെ ഭീഷണിയെ തുടര്‍ന്ന് വ്യാപാരി ആത്മഹത്യ ചെയ്തു. അയ്മനം കുടയംപടി സ്വദേശി ബിനു(50)വാണ് ആത്മഹത്യ ചെയ്തത്. കര്‍ണാടക ബാങ്കിന്റെ ഭീഷണിയെ തുടര്‍ന്നാണ് വ്യാപാരി ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു.
ഇന്നലെ ഉച്ചയോടെയാണ് ചെരുപ്പുകട നടത്തുന്ന കെസി ബിനുവിനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കര്‍ണാടക ബാങ്ക് മാനേജര്‍ പ്രദീപ് എന്നയാളുടെ നിരന്തരഭീഷണിയാണ് അച്ഛന്റെ ആത്മഹത്യക്ക് കാരണമെന്ന് മകള്‍ പറഞ്ഞു. രണ്ടുമാസത്തെ കുടിശ്ശിക മാത്രമാണ് നല്കാനുണ്ടായിരുന്നത്. ഇന്നലെയും കഴിഞ്ഞ ദിവസങ്ങളിലും മാനജേര്‍ കടയിലെത്തി അച്ഛനെ ഭീഷണിപ്പെടുത്തയതായും പണം തിരിച്ചടയ്ക്കാനാകാത്തതിലെ നാണക്കേടുകൊണ്ടാണ് അച്ഛന് ജീവനൊടുക്കിയതെന്നും മകള്‍ പറഞ്ഞു.
വ്യാപാരിയായ ബിനു നേരത്തെ രണ്ടുതവണ കര്‍ണാടക ബാങ്കില്‍ നിന്ന് വായ്പ എടുത്തിരുന്നു. അത് യഥാസമയം തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. ഇത്തവണ അഞ്ച് ലക്ഷം രൂപയാണ് വായ്പയായി എടുത്തത്. അതില്‍ രണ്ടുമാസത്തെ കുടിശ്ശിക ബാങ്കില്‍ അടയ്ക്കാനുണ്ടായിരുന്നതായി കുടുംബം പറയുന്നു. കച്ചവടം കുറവായതുകൊണ്ടാണ് തിരിച്ചടവ് വൈകുന്നതെന്ന് ബിനു ബാങ്ക് ജീവനക്കാരെ അറിയിച്ചിരുന്നു. മാനേജര്‍ പ്രദീപ് ഇന്നലെ കടയിലെത്തുകയും അപമാനിക്കും വിധം സംസാരിച്ചതായും കടയിലുള്ള തുക വാങ്ങിപ്പോയതായും വിനുവിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു
കര്‍ണാടക ബാങ്കിനെതിരെ കുടുംബം കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.