ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് കോവിഡ് വാക്സിന് സൗജന്യമായി വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്. വാക്സിന് വിതരണത്തിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം അറിയിച്ചു. ഡല്‍ഹിയിലെ ധരിയാഗഞ്ചില്‍ വാക്സിന് ഡ്രൈ റണ്‍ കേന്ദ്രത്തിലെ സന്ദര്‍ശനത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡ്രൈ റണ്‍ വിജയകരമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ ആയിരം കേന്ദ്രങ്ങളാണ് വാക്സിന് വിതരണത്തിനായി സജ്ജീകരിക്കുന്നത്. പ്രതിദിനം ഒരുലക്ഷം പേര്‍ക്ക് വാക്സിന് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. വാക്സിനേഷന്റെ ആദ്യഘട്ടത്തില്‍ മുന്‍ഗണനാപട്ടികയിലുള്ള 51 ലക്ഷം പേര്‍ക്ക് വാക്സിന് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.