KeralaNEWS

പയ്യന്നൂരില്‍ വടിയില്ലാത്ത ഗാന്ധി പ്രതിമയില്‍ വടി തിരുകി കയറ്റി; പ്രതിയെ പിടികൂടാനാകാതെ പോലീസ്

കണ്ണൂര്‍: പയ്യന്നൂര്‍ഗാന്ധി പാര്‍ക്കിലെ രാഷ്ട്രപിതാവിന്റെ പ്രതിമയോട് അനാദരവ് കാണിച്ചസംഭവത്തില്‍ പ്രതികളെ പിടികൂടാനാവാതെ ഇരുട്ടില്‍തപ്പി പോലീസ്. സംഭവത്തിനെതിരെ പരാതി നല്‍കിയിട്ടും പ്രശ്നത്തെ നിസാരവല്‍ക്കരിക്കുകയാണ് പോലീസെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ സ്ഥാപിച്ച മഹാത്മാ ഗാന്ധിയുടെ പ്രതിമയുടെ കൈയ്യില്‍ സാമൂഹിക വിരുദ്ധര്‍ വടി തിരുകിക്കയറ്റിയാണ് അനാദരവ് കാട്ടിയത്. ചിത്രകാരനും ശില്‍പ്പിയും ആക്ടിവിസ്റ്റുമായ സുരേന്ദ്രന്‍ കൂക്കാനമാണ് വിവരം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

2018ല്‍ പയ്യന്നൂര്‍ നഗരസഭയ്ക്ക് വേണ്ടി പ്രശസ്ത ശില്‍പ്പി ഉണ്ണി കാനായിയാണ് ഗാന്ധി പാര്‍ക്കില്‍ സ്ഥാപിച്ചിരിക്കുന്ന പൂര്‍ണകായ പ്രതിമ നിര്‍മ്മിച്ചത്. 1934ല്‍ മഹാത്മാ ഗാന്ധി പയ്യന്നൂരില്‍ സന്ദര്‍ശനം നടത്തിയതിന്റെ ഭാഗമായാണ് ശില്‍പ്പം രൂപകല്‍പ്പന ചെയ്തത്. ഗാന്ധിജി പയ്യന്നൂരില്‍ വന്നപ്പോള്‍ അദ്ദേഹത്തെ നേരിട്ടു കണ്ട പത്മശ്രീ അപ്പുക്കുട്ട പൊതുവാളിന്റെ വാക്കുകളിലൂടെയാണ് ഉണ്ണികാനായി ശില്‍പ്പം രൂപകല്‍പ്പന ചെയ്തത്. അന്ന് കൈയ്യില്‍ വടി കരുതാതിരുന്ന കാലത്താണ് ഗാന്ധിജി പയ്യന്നൂരിലെത്തിയത്. ഇതുപ്രകാരം കൈയ്യില്‍ വടിയില്ലാതെ നില്‍ക്കുന്ന ഗാന്ധി പ്രതിമയാണ് ഉണ്ണികാനായി നിര്‍മ്മിച്ചത്. എന്നാല്‍ ശില്‍പ്പത്തിന്റെ അടിസ്ഥാന സ്വഭാവത്തിന് മാറ്റം വരുത്തിയാണ് സാമൂഹിക വിരുദ്ധര്‍ ഗാന്ധിജിയുടെ കൈയ്യില്‍ വടി തിരുകിക്കയറ്റിയത്. ശില്‍പ്പം വികൃതമാക്കിയ നടപടിയില്‍ ഉണ്ണികാനായി പ്രതിഷേധം അറിയിച്ചു.

Signature-ad

വിവരമറിഞ്ഞെത്തിയ പോലീസ് ശില്‍പത്തില്‍ നിന്നും വടി നീക്കം ചെയ്തുവെങ്കിലും പരാതിയില്ലാത്തതിനാല്‍ കേസെടുത്തിരുന്നില്ല. ഇതു മനസിലാക്കിയാണ് പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ ജയരാജ് പയ്യന്നൂര്‍ ഡിവൈഎസ്പിക്ക് കഴിഞ്ഞ ദിവസം പരാതി നല്‍കിയത്. എന്നാല്‍ പരാതിലഭിച്ചിട്ടും ഇക്കാര്യത്തില്‍ പോലീസ് ചെറുവിരല്‍ അനക്കുന്നില്ലെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്.

പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ സ്ഥാപിച്ചിരുന്ന രാഷ്ട്രപിതാവായ മഹാത്മഗാന്ധിയുടെ ശില്‍പത്തോട് അനാദരവ് കാണിച്ച സാമൂഹ്യവിരുദ്ധരെ കണ്ടെത്തിഅറസ്റ്റു ചെയ്യണമെന്ന് പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്‌കമ്മിറ്റി പ്രസിഡന്റ് കെ ജയരാജന്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച പരാതി പയ്യന്നൂര്‍ ഡിവൈഎസ്പിക്ക് നല്‍കിയിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്തില്ലെങ്കില്‍ പ്രക്ഷോഭനടപടികള്‍ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനുസമാനമായ രീതിയില്‍ ഗാന്ധിമന്ദിരത്തിലെ മഹാത്മ ഗാന്ധിയുടെ സ്തൂപത്തിന്റെതലയറുത്ത സംഭവത്തിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റു ചെയ്യാത്തതും ശക്തമായ വകുപ്പുകള്‍ ചുമത്താത്തതും ഇത്തരം പ്രവൃത്തികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാണെന്ന് ജയരാജന്‍ ആരോപിച്ചു.

 

 

Back to top button
error: