നോര്‍വേ രാജകുമാരിക്ക് ‘മുറിവൈദ്യന്‍’ വരന്‍; നടതള്ളി രാജകുടുംബം
നോര്‍വേ രാജകുമാരി മാര്‍ത്താ ലൂയിസും മന്ത്രവാദിയും സ്വയംപ്രഖ്യാപിത വൈദ്യനുമായ ഡ്യൂറെക് വെററ്റും വിവാഹത്തിന് ഒരുങ്ങുന്നു. അടുത്ത വര്‍ഷം ഓഗസ്റ്റ് 31-നായിരിക്കും വിവാഹമെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ മാര്‍ത്ത പറയുന്നു. ഡ്യൂറെകിനൊപ്പമുള്ള ഒരു ചിത്രവും മാര്‍ത്ത പോസ്റ്റ് ചെയ്തിട്ടുണ്ട്.
നോര്‍വേയിലെ ഹെറാള്‍ഡ് രാജാവിന്റേയും സോന്‍ജ രാജ്ഞിയുടേയും മൂത്ത പുത്രിയാണ് 51-കാരിയായ മാര്‍ത്ത. അമേരിക്കക്കാരനായ ഡ്യൂറെകിനൊപ്പം ജീവിക്കാനായി 2022 നവംബര്‍ എട്ടിനാണ് മാര്‍ത്ത കൊട്ടാരം വിട്ടിറങ്ങിയത്. അതിനു മുമ്പ് ജൂണില്‍ ഇരുവരുടേയും വിവാഹനിശ്ചയവും കഴിഞ്ഞിരുന്നു. ഇതിന് പിന്നാലെ കൊട്ടാരത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുകയും രാജ്യത്തേയും മുന്‍ ഭര്‍ത്താവിനേയും ഉപേക്ഷിച്ച് മാര്‍ത്ത അമേരിക്കയിലെത്തുകയുമായിരുന്നു.
”ഇപ്പോള്‍ മുതല്‍ ഞാന്‍ രാജകുടുംബത്തിന്റെ ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്നില്ല. രാജകുടുംബത്തിന്റെ സമാധാനത്തെ പറ്റി ആലോചിച്ചാണ് തീരുമാനം.” കൊട്ടാരം വിട്ടിറങ്ങിയ ശേഷം മാര്‍ത്ത വ്യക്തമാക്കി. മാര്‍ത്ത ഔദ്യോഗിക പദവികള്‍ ഉപേക്ഷിച്ച വാര്‍ത്ത ശരിയാണെന്ന് രാജകുടുംബവും സ്ഥിരീകരിച്ചിട്ടുണ്ട്. രാജപദവിയോ രാജകുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളോ സോഷ്യല്‍ മീഡിയയില്‍ ഒന്നിനുവേണ്ടിയും മാര്‍ത്ത ഉപയോഗിക്കില്ലെന്നും കൊട്ടാരം വ്യക്തമാക്കി.
View this post on Instagram
നേരത്തെ മാര്‍ത്തയും ഡ്യുറെക്കും വിവിധ തരത്തിലുള്ള ചികിത്സാരീതികള്‍ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. രാജപദവി ഉപയോഗിച്ചായിരുന്നു സമാന്തര ചികിത്സാരീതികള്‍ ഇവര്‍ മാര്‍ക്കറ്റ് ചെയ്തിരുന്നത്. ആദ്യ വിവാഹത്തില്‍ മാര്‍ത്തയ്ക്ക് മൂന്നു മക്കളുണ്ട്. ഡ്യുറെക്കുമായുള്ള വിവാഹശേഷം ഇരുവരും കാലിഫോര്‍ണിയയിലേക്ക് താമസം മാറുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.