IndiaNEWS

ലൈംഗിക അതിക്രമങ്ങള്‍ ഉണ്ടായതായും പരാതി; റഹ്‌മാന്‍ സംഗീതനിശയെക്കുറിച്ച് അന്വേഷണം

ചെന്നൈ: സ്വകാര്യ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ നേതൃത്വത്തില്‍ ചെന്നൈയില്‍ നടത്തിയ എ.ആര്‍.റഹ്‌മാന്‍ സംഗീത നിശയിലുണ്ടായ സുരക്ഷാ, സംഘടനാ വീഴ്ചകളെപ്പറ്റി ഉന്നത അന്വേഷണം തുടങ്ങി. തിക്കിലും തിരക്കിലും അകപ്പെട്ട് ഒട്ടേറെപ്പേര്‍ കുഴഞ്ഞു വീഴുകയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ ഗതാഗതക്കുരുക്കില്‍ അകപ്പെടുകയും ചെയ്തതോടെയാണ് സര്‍ക്കാര്‍ നടപടി.

സ്ത്രീകള്‍ക്കെതിരെ ലൈംഗിക അതിക്രമങ്ങളുണ്ടായതായും പരാതികളുണ്ട്. ഷോ ആസ്വദിക്കാനെത്തിയ മലയാളികളടക്കം ആയിരക്കണക്കിനു പേര്‍ സംഘാടനത്തിലെ പോരായ്മകള്‍ മൂലം ദുരിതത്തിലായി.

Signature-ad

20,000 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള സ്ഥലത്തു നടത്തിയ സംഗീത പരിപാടിക്കായി അര ലക്ഷത്തോളം ടിക്കറ്റുകള്‍ വിതരണം ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമായത്. പാര്‍ക്കിങ് സൗകര്യങ്ങളും ഒരുക്കിയിരുന്നില്ല. രണ്ടും മൂന്നും കിലോമീറ്റര്‍ അകലെ പലര്‍ക്കും വാഹനം പാര്‍ക്ക് ചെയ്യേണ്ടി വന്നു.

ആരാധകരുടെ സ്‌നേഹത്തിനു നന്ദി അറിയിച്ച റഹ്‌മാന്‍ ബുദ്ധിമുട്ടുകളില്‍ ഖേദിക്കുന്നതായി പറഞ്ഞു. ഇനി പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതായി ഉറപ്പാക്കുമെന്നും വാക്ക് നല്‍കി.

അമതസമയം, എ.ആര്‍. റഹ്‌മാന്റെ മറക്കുമാ നെഞ്ചം എന്ന സംഗീതപരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി സംഗീതസംവിധായകന്‍ യുവന്‍ ശങ്കര്‍ രാജ. താന്‍ എ.ആര്‍. റഹ്‌മാനൊപ്പമാണെന്ന് പ്രഖ്യാപിച്ച യുവന്‍ സംഗീതനിശയുടെ സംഘാടകരെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

സംഗീതപരിപാടികള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ സംഗീതജ്ഞരും ഒപ്പമുണ്ടാവണമെന്നും മുതിര്‍ന്നവരുടേയും സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഔദ്യോഗിക എക്‌സ് പേജില്‍ പോസ്റ്റ് ചെയ്ത നീണ്ട കുറിപ്പിലാണ് യുവന്‍ ശങ്കര്‍ രാജ എ.ആര്‍. റഹ്‌മാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

 

Back to top button
error: