തിരുവനന്തപുരം: പുതുപ്പള്ളിയിൽ എല്ലാ വിഭാഗം ജനങ്ങളും ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന് വോട്ട് ചെയ്തുവെന്ന് കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. തന്റെ കൂടെ നിയമസഭയിൽ വന്ന ഉമ്മൻചാണ്ടി ഇന്നില്ല. ഉമ്മൻചാണ്ടിയുടെ പിൻഗാമി ചാണ്ടി ഉമ്മനാണെന്നും എകെ ആന്റണി പറഞ്ഞു. എംഎൽഎ ആയതിന് ശേഷം തിരുവനന്തപുരത്തെ എകെ ആന്റണിയുടെ വീട്ടിൽ സന്ദർശിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ. തന്റെ പിതാവിന് നൽകിയ പിന്തുണ എ.കെ. ആന്റണി തനിക്കും തന്നുവെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു. പിന്തുണ ഒരിക്കലും മറക്കാനാകില്ല. സത്യപ്രതിജ്ഞക്ക് മുമ്പ് അനുഗ്രഹം വാങ്ങാനാണ് എത്തിയതെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
നാളെ രാവിലെ 10 മണിക്ക് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തിങ്കളാഴ്ച നിയമസഭ വീണ്ടും സമ്മേളിക്കുന്ന നാളെയാണ് സത്യ പ്രതിജ്ഞ. 37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തിയത്. ഉമ്മൻചാണ്ടിയോടുള്ള വികാരത്തിനപ്പുറം ഭരണവിരുദ്ധ തരംഗം ആഞ്ഞുവീശിയെന്ന് കണക്കാക്കുന്ന തെരഞ്ഞെടുപ്പിൽ, മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടേത്. പോൾ ചെയ്ത വോട്ടുകളുടെ 61 ശതമാനവും വാരിക്കൂട്ടിയ ചാണ്ടി ഉമ്മൻ എതിർ സ്ഥാനാർത്ഥി ജെയ്ക് സി തോമസിനെ അക്ഷരാർത്ഥത്തിൽ നിലംപരിശാക്കി. യുഡിഎഫിന് കഴിഞ്ഞ തവണത്തേക്കാൾ 14,726 വോട്ടുകൾ കൂടിയപ്പോൾ എൽഡിഎഫിന് 12,684 വോട്ടുകൾ കുറഞ്ഞു. വെറും 6447 വോട്ടുകൾ മാത്രം നേടാനായ ബിജെപി പുതുപ്പള്ളിയിലും നാണംകെട്ടു.