CrimeNEWS

പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ നാളെ ഇഡി ചോദ്യം ചെയ്യും

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ നാളെ ഇഡി ചോദ്യം ചെയ്യും. രാവിലെ 11മണിക്ക് ആണ് സുധാകരൻ ഹാജരാകുക. ഇത് രണ്ടാം തവണയാണ് ഇഡിക്ക് മുന്നിൽ കെ സുധാകരൻ ഹാജരാകുന്നത്. നേരത്തെ പുതുപ്പള്ളി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളുള്ളതിനാൽ മറ്റൊരു ദിവസം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇഡിയ്ക്ക് സുധാകരൻ കത്ത് നൽകിയിരുന്നു. സെപ്റ്റംബർ 5 ന് ശേഷം എപ്പോൾ വേണമെങ്കിലും ഹാജരാകാമെന്നാണ് ഇഡിയെ അറിയിച്ചത്. തുടർന്നാണ് നാളെ ഹാജരാവുന്നത്.

നേരത്തെ, മണിക്കൂറുകളോളം കെ സുധാകരനെ ഇഡി ചോദ്യം ചെയ്തിരുന്നു, തുടർന്നാണ് വീണ്ടും ഹാജരാകാൻ നിർദ്ദേശിച്ചത്. 2018ൽ   മോൻസൺ മാവുങ്കലിന്‍റെ കലൂരിലെ വീട്ടിൽ വെച്ച് കെ സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന്  മോൻസന്‍റെ  മുൻ ജീവനക്കാരൻ ജിൻസൺ  മൊഴി നൽകിയിരുന്നു. സമാനമായ ആരോപണം  പരാതിക്കാരായ അനൂപ് അഹമ്മദും ഇഡിയ്ക്ക് നൽകിയ പരാതിയിൽ ഉന്നയിച്ചിരുന്നു.

Signature-ad

മോൻസൺ മാവുങ്കലിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം സുധാകരൻ നേരത്തെ തള്ളിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് എടുത്ത കേസിൽ കെ. സുധാകരനെ പ്രതിയാക്കി അറസ്റ്റ് ചെയ്തിരുന്നു. അതിനിടെ, പുരാവസ്തു തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണവും പുരോഗമിക്കുകയാണ്. ഐ ജി ലക്ഷ്മണിനെതിരെ ഗുരുതര കണ്ടെത്തലുകളാണ് ക്രൈംബ്രാഞ്ച് നടത്തിയത്. മോൻസൻ മാവുങ്കൽ ഉൾപ്പെട്ട കോടികളുടെ സാമ്പത്തിക തട്ടിപ്പിന്‍റെ മുഖ്യ ആസൂത്രകനാണ് ഐജി ലക്ഷ്മണെന്നും ഗൂഢാലോചനയിലും ഐജി പങ്കാളിയാണെന്നും ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലുണ്ടായിരുന്നു.

 

Back to top button
error: