KeralaNEWS

‘സലിം കുമാറിന്റെ പ്രസ്താവന തെറ്റ്’; ചികിത്സാ ധനസഹായം കൊണ്ടുവന്നത് ഇടത് സര്‍ക്കാര്‍

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഭരണകാലത്ത് രോഗികള്‍ക്ക് നല്‍കിയിരുന്ന ധനസഹായം ഇപ്പോള്‍ ലഭിക്കുന്നില്ലെന്ന നടന്‍ സലിം കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ ആരോഗ്യ ഏജന്‍സികള്‍. സലിംകുമാറിന്റെ പ്രസ്താവന തെറ്റാണെന്ന് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയും കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനും (കെ സോട്ടോ) അറിയിച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരാകുന്നവര്‍ക്ക് കാരുണ്യ പദ്ധതി വഴി അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കിയിരുന്നില്ലെന്ന് അവര്‍ വ്യക്തമാക്കി.

കാസ്പ് പദ്ധതി വഴി അര്‍ഹരായവര്‍ക്ക് 5 ലക്ഷം രൂപയുടെ ചികിത്സാ ധനസഹായം നല്‍കിവരുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. കൂടാതെ കാസ്പ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത, എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ 3 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം വരുന്ന എല്ലാ കുടുംബങ്ങള്‍ക്കും 2 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സാ ആനുകൂല്യവും ലഭ്യമാണ്. വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് 3 ലക്ഷം രൂപവരെ ചികിത്സ ആനുകൂല്യം നല്‍കുന്നുണ്ട്. മറിച്ചുള്ള ആരോപണങ്ങള്‍ തികച്ചും തെറ്റാണെന്നും ഏജന്‍സികള്‍ അറിയിച്ചു.

Signature-ad

അമൃത ആശുപത്രിയില്‍ കരള്‍ മാറ്റി വെച്ചവരുടെ കൂട്ടായ്മയായ അമൃതസ്പര്‍ശത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വെച്ചായിരുന്നു സലിം കുമാറിന്റെ പരാമര്‍ശം. അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരാകുന്നവര്‍ക്ക് കാരുണ്യ പദ്ധതി വഴി ലഭിച്ചിരുന്ന അഞ്ച് ലക്ഷം രൂപ ധനസഹായം ഇപ്പോള്‍ ലഭിക്കുന്നില്ലെന്നാണ് സലിംകുമാര്‍ പറഞ്ഞത്.

ഉമ്മന്‍ ചാണ്ടി മരിച്ചപ്പോള്‍ നിരവധിപേര്‍ അദ്ദേഹത്തെ കാണാനായി എത്തി. അതിലെ പലകാരണങ്ങളില്‍ ഒന്ന് ഇതാണ്. ശസ്ത്രക്രിയക്ക് വിധേയരാകുന്നവര്‍ക്ക് ആശ്വാസമായിരുന്നു ധനസഹായം. ഈ സഹായം ലഭിക്കാനായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയണമെന്നും സലിം കുമാര്‍ പറഞ്ഞു.

 

Back to top button
error: