തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെ, എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും ഓണക്കിറ്റ് നല്‍കാനുള്ള തീരുമാനത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. പാവപ്പെട്ട 140 എംഎല്‍എമാര്‍ക്കും അതിദരിദ്രരായ നമ്മുടെ 20 മന്ത്രിമാര്‍ക്കും കൃത്യസമയത്ത് കിറ്റെത്തിക്കാന്‍ കഴിഞ്ഞത് വലിയൊരു കാര്യം തന്നെയല്ലേ. കെ സുരേന്ദ്രന്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ കുറിച്ചു.
എണ്‍പതു ലക്ഷം ബൂര്‍ഷ്വാസികള്‍ക്കും ഇത്തവണ ഓണക്കിറ്റില്ലാത്തത് എന്തിനാണൊരു വലിയ പ്രശ്നമാക്കുന്നത് നമ്മള്‍ ? ഏഴുലക്ഷം പേര്‍ക്കത് ഓണത്തിനു മുന്‍പ് നല്‍കാന്‍ കഴിയാത്തതും വലിയൊരു വീഴ്ചയല്ല. സിഎംആര്‍എല്‍ ഉള്‍പ്പെടെ നൂറു പാവപ്പെട്ട വ്യവസായികള്‍ക്കു കിറ്റ് നല്‍കാന്‍ കഴിഞ്ഞില്ലെന്നത് വലിയ വീഴ്ചയായെന്ന് അടുത്ത പാര്‍ട്ടി പ്ലീനം വിലയിരുത്തുമെന്നും സുരേന്ദ്രന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
സാമ്പത്തിക പ്രതിസന്ധി കാരണം മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ( എഎവൈ കാര്‍ഡ്) മാത്രമായി ഇത്തവണ ഓണക്കിറ്റ് നല്‍കുന്നത് പരിമിതപ്പെടുത്തിയിരുന്നു. സാധാരണക്കാര്‍ക്ക് നല്‍കാത്ത ഓണക്കിറ്റ് തങ്ങള്‍ക്ക് വേണ്ടെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു. 12 ഇനം ‘ശബരി’ ബ്രാന്‍ഡ് സാധനങ്ങളടങ്ങിയ സൗജന്യ ഓണക്കിറ്റ് മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും നല്‍കാനാണ് തീരുമാനം.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
എണ്‍പതു ലക്ഷം ബൂര്‍ഷ്വാസികള്‍ക്കും ഇത്തവണ ഓണക്കിറ്റില്ലാത്തത് എന്തിനാണൊരു വലിയ പ്രശ്നമാക്കുന്നത് നമ്മള്‍ ? ഏഴുലക്ഷം പേര്‍ക്കത് ഓണത്തിനു മുന്‍പ് നല്‍കാന്‍ കഴിയാത്തതും വലിയൊരു വീഴ്ചയല്ല. പാവപ്പെട്ട 140 എം. എല്‍. എ മാര്‍ക്കും അതിദരിദ്രരായ നമ്മുടെ 20 മന്ത്രിമാര്‍ക്കും കൃത്യസമയത്ത് കിറ്റെത്തിക്കാന്‍ കഴിഞ്ഞത് വലിയൊരു കാര്യം തന്നെയല്ലേ. സി. എം. ആര്‍. എല്‍ ഉള്‍പ്പെടെ ഒരു നൂറ് പാവപ്പെട്ട വ്യവസായികള്‍ക്ക് കിറ്റ് നല്‍കാന്‍ കഴിഞ്ഞില്ലെന്നത് വലിയ വീഴ്ചയായെന്ന് അടുത്ത പാര്‍ട്ടി പ്‌ളീനം വിലയിരുത്തും. സര്‍ക്കാര്‍ ഒപ്പമുണ്ട്. എല്‍. ഡി. എഫ് വന്നാല്‍ എല്ലാം ശരിയാകും. ഇടതുപക്ഷം ഹൃദയപക്ഷം. വിപ്ലവം ജയിക്കട്ടെ. ജയ് പിണറായി ജയ് ചെഗുവേര.