ബീജിങ്: ചൈന പുതുതായി പുറത്തിറക്കിയ ഔദ്യോഗിക ഭൂപടം വിവാദത്തില്‍. അരുണാചല്‍ പ്രദേശ്, അക്സായ് ചിന്‍, തായ്വാന്‍, തര്‍ക്കമുള്ള ദക്ഷിണ ചൈനാ കടല്‍ പ്രദേശങ്ങള്‍ എന്നിവയുള്‍പ്പെടെ തര്‍ക്ക പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭൂപടമാണ് ചൈന പുറത്തിറക്കിയിരിക്കുന്നത്. തിങ്കളാഴ്ച സെജിയാങ് പ്രവിശ്യയിലെ ഡെക്കിംഗ് കൗണ്ടിയില്‍ നടന്ന സര്‍വേയിംഗ് ആന്‍ഡ് മാപ്പിങ് പബ്ലിസിറ്റി ഡേയുടെയും നാഷണല്‍ മാപ്പിംഗ് അവയര്‍നെസ് പബ്ലിസിറ്റി വീക്കിന്റെയും ആഘോഷ വേളയിലാണ് ചൈന ‘സ്റ്റാന്‍ഡേര്‍ഡ് മാപ്പ് 2023’ പുറത്തിറക്കിയത്. നാച്ചുറല്‍ റിസോഴ്‌സ് മന്ത്രാലയമാണ് ഭൂപടം പുറത്തിറക്കിയിരിക്കുന്നത്.
ഭൂപടം ഇറങ്ങിയതിന് പിന്നാലെ ഇതിനെച്ചൊല്ലി ചര്‍ച്ചകളും സജീവമായിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയില്‍ ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മില്‍ അതിര്‍ത്തി വിഷയത്തില്‍ സമവായത്തിലെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ ഭൂപടം ഇറങ്ങിയിരിക്കുന്നത്.
സര്‍വേയിങ്ങും മാപ്പിങ്ങും ഭൂമിശാസ്ത്രപരമായ വിവരങ്ങളും രാജ്യത്തിന്റെ വികസനത്തിന് കരുത്തേകുന്നതിലും ജീവിതത്തിന്റെ എല്ലാ മേഖലകളുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിലും പരിസ്ഥിതിപരമായി പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നാണ് മന്ത്രാലയത്തിന്റെ ചീഫ് പ്ലാനര്‍ വു വെന്‍ഷോംഗ് പറയുന്നത്.
മന്ത്രാലയത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് മാപ്പ് വെബ്സൈറ്റിലാണ് പുതിയ ഭൂപടം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മില്‍ ദീര്‍ഘകാലമായി അഭിപ്രായവ്യത്യാസം തുടരുന്ന അരുണാചല്‍ പ്രദേശ്, അക്‌സായി ചിന്‍ എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ചൈനയുടെ പുതിയ ഭൂപടമെന്നത് വരുംദിവസങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍തന്നെ ചര്‍ച്ചയായേക്കും.
ബ്രിക്‌സ് ഉച്ചകോടിക്കിടെ നടന്ന ചര്‍ച്ചയില്‍ സേനാപിന്മാറ്റം ഊര്‍ജിതമാക്കാന്‍ ഉദ്യോഗസ്ഥരോടു നിര്‍ദേശിക്കാന്‍ ധാരണയായെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. സേനാപിന്മാറ്റത്തെക്കുറിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിരുന്നെങ്കിലും ചൈനയുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ വ്യക്തമായ പ്രതികരണമുണ്ടായിരുന്നില്ല. ഇതിനുപിന്നാലെയാണ് ഭൂപടവും പുറത്തിറക്കിയത്.
ഉഭയകക്ഷിബന്ധവും അതിര്‍ത്തിത്തര്‍ക്കവും രണ്ടാണെന്ന നിലപാടായിരുന്നു ബ്രിക്‌സിലെ ചര്‍ച്ചയെക്കുറിച്ചു ചൈന പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ഉണ്ടായിരുന്നത്. ചൈനയുടെ വിദേശകാര്യ വക്താവ് നടത്തിയ വാര്‍ത്താസമ്മേളനത്തിലും ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. ഉഭയകക്ഷി ബന്ധത്തെ അതിര്‍ത്തിത്തര്‍ക്കം ബാധിക്കരുതെന്നും ചൈന പറഞ്ഞിരുന്നു. ജി20 ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഡല്‍ഹിയിലേക്ക് വരുന്നുണ്ട്. സെപ്റ്റംബര്‍ എട്ടിനാണ് അദ്ദേഹം ഡല്‍ഹിയിലെത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അതിര്‍ത്തി വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകളുണ്ടാകുമോയെന്ന് വരുംദിവസങ്ങളില്‍ വ്യക്തമാകും.