കോട്ടയം: സില്‍വര്‍ലൈന്‍ പദ്ധതി ബാധിതരെ സംഘടിപ്പിച്ചു ‘കെ റെയില്‍ അനുകൂലികള്‍ക്ക് വോട്ടില്ല’ എന്ന മുദ്രാവാക്യം ഉയര്‍ത്തി കെ റെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ പ്രചാരണം. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലുടനീളം നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായാണ് പദ്ധതി ബാധിതര്‍ അവിടേക്ക് തിരിച്ചത്. പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളും സമീപത്തുള്ള ഭവനങ്ങളിലും കയറി പ്രചാരണ യോഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു.
ഞാലിയാകുഴിയില്‍ നടത്തിയ പൊതുയോഗം സമരസമിതി സംസ്ഥാന ചെയര്മാന് എംപി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ആവശ്യമായ പഠനങ്ങളോ അനുമതിയോ ഇല്ലാതെ വിനാശകരമായ പദ്ധതി നിര്‍ബന്ധബുദ്ധിയോടെ നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ് ചെയ്തതെന്ന് ബാബുരാജ് ആരോപിച്ചു. ജനാധിപത്യപരമായി ചെറുത്തുനില്ക്കുകയും പോലീസിന്റെ ക്രൂരതകള്ക്കിരയാകുകയും ചെയ്ത സാധാരണ ജനങ്ങളെ ആക്ഷേപിക്കുകയും സമരത്തിനെതിരെ വ്യാജ പ്രചരണങ്ങള്‍ നടത്തുകയും ചെയ്ത പദ്ധതി അനുകൂലികളെ ഈ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ ചെയര്മാന് ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിച്ചു. സംസ്ഥാന കണ്‍വീനര്‍ എസ് രാജീവന്, രക്ഷാധികാരികളായ കെ ശൈവപ്രസാദ്, എംടി, തോമസ്, ജില്ലാ രക്ഷാധികാരികളായ വിജെ ലാലി, മിനി കെ ഫിലിപ്പ്, സുധാകുര്യന്, വിനു കുര്യാക്കോസ്, എജി പാറപ്പാട്, സിന്ധു ജയിംസ്, ശരണ്യാരാജ്, റോസ്ലിന് ഫിലിപ്പ്, അപ്പിച്ചന്‍ എഴുത്തുപള്ളി, ലിബിന് കുര്യാക്കോസ്, ജോസികുട്ടി മാത്യു, കെഎന്‍ രാജന്, രതീഷ് രാജന്, സെലിന് ബാബു, ബാബു ജോസഫ്, മാത്യു ജേക്കബ്, മാത്യു വെട്ടിത്താനം, സിബിച്ചന് അറുപുരയില് തുടങ്ങിയവര്‍ പ്രസംഗിച്ചു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ കെ റെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ പ്രചാരണത്തില്‍ പങ്കെടുത്തു.