KeralaNEWS

31ന് ചോദ്യം ചെയ്യലിന് ഹാജരാകണം; മൊയ്തീന് ഇ.ഡി. നോട്ടീസ്

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ മുന്‍ മന്ത്രി എ.സി. മൊയ്തീന്‍ എം.എല്‍.എയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ഇ.ഡി. നോട്ടീസയച്ചു. ഈ മാസം 31-ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു. ബാങ്ക് മുന്‍ മാനേജര്‍ ബിജു കരീമിനും ഇ.ഡി. സമന്‍സ് നല്‍കി.

വീട്ടില്‍ റെയ്ഡ് നടത്തുകയും ബാങ്ക് നിക്ഷേപങ്ങള്‍ മരവിപ്പിക്കുകയും ചെയ്തതിനു പിന്നാലെയാണ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ അറിയിച്ചുള്ള നോട്ടീസ് അയച്ചിരിക്കുന്നത്. കൂടാതെ മൊയ്തീന്റെ ബിനാമികളുടേതെന്ന് ഇ.ഡി ആരോപിക്കുന്ന 15 കോടി രൂപ വിലമതിക്കുന്ന 36 വസ്തുവകകളും ഇ.ഡി. പിടിച്ചെടുത്തിരുന്നു. നിരവധി ബിനാമി വായ്പകള്‍ എ.സി. മൊയ്തീന്റെ നിര്‍ദേശപ്രകാരമാണ് നല്‍കിയതെന്ന് ഇ.ഡി. കണ്ടെത്തി.

Signature-ad

സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്തുതന്നെ ബാങ്കുമായി ബന്ധപ്പെട്ട് എ.സി. മൊയ്തീനെതിരേ പരാതികള്‍ ഉയര്‍ന്നിരുന്നു. അന്ന് അതില്‍ നടപടിയെടുത്തില്ലെന്നും ഇ.ഡി. മനസ്സിലാക്കി. ബിജു കരീമുമായി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് എ.സി. മൊയ്തീന്‍ ഫോണ്‍ സംഭാഷണങ്ങള്‍ നടത്തിയതായും ഇ.ഡി. കണ്ടെത്തി. മന്ത്രിയായിരുന്ന കാലത്തെ ബാങ്കുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന കാര്യങ്ങളും ഇ.ഡി. പരിശോധിക്കും.

ബാങ്കിലെ യോഗങ്ങള്‍ക്ക് ഔദ്യോഗിക രേഖകള്‍ക്കൊപ്പം സൂക്ഷിക്കാന്‍ ഒരു മിനുട്സും ബാങ്കിലെ ഉന്നതര്‍ക്കുമാത്രം ലഭിക്കുന്ന മറ്റൊരു മിനുട്സും തയ്യാറാക്കിയിരുന്നു. രഹസ്യ മിനുട്സിലാണ് ഉന്നതരാഷ്ട്രീയ നേതാക്കളുടെ ബിനാമികള്‍ക്ക് നല്‍കിയ വായ്പകളുടെയും അവരുടെ നിക്ഷേപങ്ങളുടെയും വിവരങ്ങളുള്ളതെന്നാണ് ഇ.ഡി. അന്വേഷണ സംഘം കരുതുന്നത്. ഇതുസംബന്ധിച്ചും മൊയ്തീനില്‍നിന്ന് വിവരങ്ങള്‍ തേടും.

കരുവന്നൂര്‍ സഹകരണ ബാങ്ക് 40 വര്‍ഷത്തിലേറെയായി ഭരിക്കുന്നത് സി.പി.എമ്മാണ്. 2010 മുതല്‍ ബാങ്ക് കേന്ദ്രീകരിച്ച് വന്‍ തുകയുടെ വെട്ടിപ്പ് നടക്കുന്നുണ്ട്. ബാങ്കില്‍നിന്ന് ഏതാണ്ട് 150 കോടി രൂപയിലേറെയാണ് ബിനാമികളുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് വെട്ടിപ്പ് നടത്തിയതെന്നാണ് ഇ.ഡി.യുടെ വെളിപ്പെടുത്തല്‍. മുന്നൂറോളം കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. ഇതിലെ വായ്പാ തട്ടിപ്പ് മാത്രമാണ് ഇ.ഡി. ഇപ്പോള്‍ അന്വേഷിക്കുന്നത്. മറ്റ് അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതടക്കമുള്ള നിക്ഷേപത്തട്ടിപ്പുകള്‍ ഇതിനു പുറമേയാണ്.

 

 

 

Back to top button
error: