CrimeNEWS

മികച്ച വില്ലേജ് ഓഫീസര്‍ പുരസ്‌കാര ജേതാവ് കൈക്കൂലി വാങ്ങുമ്പോള്‍ വിജിലന്‍സ് പിടിയില്‍; കൂട്ടിന് വില്ലേജ് അസിസ്റ്റന്‍്‌റും

കാസര്‍ഗോഡ്: അപേക്ഷകനില്‍നിന്ന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറെയും വില്ലേജ് അസിസ്റ്റന്റിനെയും വിജിലന്‍സ് അറസ്റ്റു ചെയ്തു. ചിത്താരി വില്ലേജ് ഓഫീസര്‍ കൊടക്കാട് വെള്ളച്ചാലിലെ സി.അരുണ്‍ (40), വില്ലേജ് അസിസ്റ്റന്റ് പിലിക്കോട് വറക്കോട്ട് വയലിലെ കെ.വി.സുധാകരന്‍ (52) എന്നിവരെയാണ് കാസര്‍കോട് വിജിലന്‍സ് അറസ്റ്റു ചെയ്തത്. സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള പുരസ്‌കാരം നേടിയ ഉദ്യോഗസ്ഥനാണ് അരുണ്‍. കഴിഞ്ഞ ഫെബ്രുവരി 22-നാണ് റവന്യൂവകുപ്പ് ഇദ്ദേഹത്തെ മികച്ച വില്ലേജ് ഓഫീസറായി തിരഞ്ഞെടുത്തത്.

പ്രവാസിയും ചാമുണ്ഡിക്കുന്ന് സ്വദേശിയുമായ എം.അബ്ദുള്‍ബഷീറാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയത്. ചിത്താരി-ചാമുണ്ഡിക്കുന്ന് റോഡില്‍ കൊട്ടിലങ്ങാട്ട് 17.5 സെന്റുമായി ബന്ധപ്പെട്ട ഒരു അപേക്ഷ പരിഗണിക്കാന്‍ വില്ലേജ് ഓഫീസര്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് പരാതി. അബ്ദുള്‍ബഷീര്‍ വിവരം വിജിലന്‍സിനെ അറിയിച്ചു. തുടര്‍ന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ രാസവസ്തു പുരട്ടിയ 500 രൂപയുടെ ആറു നോട്ടുകള്‍ പരാതിക്കാരന് നല്‍കി. വ്യാഴാഴ്ച രാവിലെ വില്ലേജ് ഓഫീസിലെത്തിയ പരാതിക്കാരന്‍ വിജിലന്‍സ് നല്‍കിയ പണത്തില്‍ നിന്ന് 2000 രൂപ ഓഫീസര്‍ക്കും 1000 രൂപ അസിസ്റ്റന്റിനും നല്‍കി. നേരത്തേ വില്ലേജ് ഓഫീസ് പരിസരത്ത് നിലയുറപ്പിച്ച വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇരുവരെയും കൈയോടെ പിടിക്കുകയും ചെയ്തു.

Signature-ad

പ്രതികളെ തലശ്ശേരി വിജിലന്‍സ് സ്‌പെഷ്യല്‍ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. വിജിലന്‍സ് ഡിവൈ.എസ്.പി. വി.കെ.വിശ്വംഭരന്‍ നായര്‍, ഇന്‍സ്‌പെക്ടര്‍ കെ.സുനുമോന്‍, എസ്.ഐ.മാരായ ഈശ്വരന്‍ നമ്പൂതിരി, കെ.രാധാകൃഷ്ണന്‍, വി.എം.മധുസൂദനന്‍, പി.വി.സതീശന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടിച്ചത്.

Back to top button
error: