ഈമാസം 20 ന് രാവിലെ 7.30 നാണ് പന്തളം കീരുകുഴി ഭഗവതിക്കും പടിഞ്ഞാറ് ചിറ്റൂര്‍ മേലേതില്‍ വീട്ടില്‍ അജി കെവി (48)യെ പന്തളം നഗരത്തിലെ കുറുന്തോട്ടയം പാലത്തിലെ നടപ്പാതയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തലേന്ന് രാത്രി 10.30 ന് ശേഷമാണ് സംഭവം. പൊലീസ് അസ്വാഭാവിക മരണത്തിന് എടുത്ത കേസില്‍ വീട്ടുകാര്‍ക്ക് പോലും സംശയമൊന്നും തോന്നിയിരുന്നില്ല.
പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്‌ക്കിടെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതായി കണ്ടെത്തിയതാണ് അന്വേഷണത്തിൽ നിര്‍ണായക വഴിത്തിരിവായത്. ഇതേത്തുടർന്ന് അടൂര്‍ ഡിവൈഎസ്‌പി ആര്‍ ജയരാജിന്‍റെ മേല്‍നോട്ടത്തില്‍ പന്തളം പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു.
മൂന്ന് ദിവസത്തിനിടെ സംഭവസ്ഥലത്തെയും പരിസരത്തുമുള്ള നൂറോളം സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുകയും നിരവധിയാളുകളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.തുടർന്നാണ് ദിൻഷാദിനെ അറസ്റ്റ് ചെയ്തത്.പന്തളം ടൗണില്‍ നിന്നും ബാറിലേക്ക് ദിൻഷാദിന്‍റെ ഓട്ടോയിലാണ് അജി പോയത്. പിന്നീട് മദ്യപിച്ച ശേഷം തിരിച്ചെത്തിയ അജി ഡ്രൈവര്‍ക്ക് പണം കൊടുക്കാതിരുന്നത് ഇരുവരും തമ്മിലുള്ള തര്‍ക്കത്തിന് കാരണമായി.
ഇതിനിടെ അജിയെ ദിൻഷാദ് മര്‍ദിച്ചതായും ചവിട്ടി താഴെയിട്ട ശേഷം സ്ഥലംവിട്ട് പോയതായും പൊലീസ് അന്വേഷണത്തില്‍ വെളിപ്പെട്ടു. ആരും കണ്ടില്ലെന്ന വിശ്വാസത്തില്‍ രക്ഷപ്പെട്ട ദിൻഷാദിനെ പൊലീസ് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിലാണ് കുടുക്കിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.
അറസ്റ്റിലായ പ്രതിയെ അടൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.