മലപ്പുറം:ഇന്നു വിവാഹം നടക്കാനിരിക്കെ വരന്റെ വീട്ടില്‍ക്കയറി ആക്രമണം നടത്തി മുൻ കാമുകി.സംധവത്തിൽ പരിക്കേറ്റ പ്രതിശ്രുത വരനും മാതാപിതാക്കളും ഉള്‍പ്പെടെ അഞ്ചു പേരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചങ്ങരംകുളം മേലേ മാന്തടത്താണ് മുൻ വനിതാ സുഹൃത്തിന്റെ നേതൃത്വത്തില്‍ 20 അംഗ സംഘം കല്ല്യാണച്ചെറുക്കനെയും ബന്ധുക്കളേയും വീടുകയറി ആക്രമിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് നാടകീയ സംഭവങ്ങള്‍.സംഭവം അറിഞ്ഞതോടെ ഇന്നു നടക്കേണ്ട വിവാഹത്തില്‍നിന്ന് വധുവിന്റെ വീട്ടുകാര്‍ പിന്മാറി.
മേലേ മാന്തടം സ്വദേശിയായ യുവാവിന് എടപ്പാള്‍ തട്ടാൻപടി സ്വദേശിനിയായ യുവതിയുമായി സൗഹൃദം ഉണ്ടായിരുന്നത്രേ. യുവാവ് വിവാഹ വാഗ്ദാനവും നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് യുവാവ് മറ്റൊരു വിവാഹത്തിന് ഒരുങ്ങിയതാണ് യുവതിയെ പ്രകോപിപ്പിച്ചത്.വരനെയടക്കം ആക്രമിച്ചതിനു പുറമേ, കല്യാണവീട്ടിലെ സാധനങ്ങളും അടിച്ചുതകര്‍ത്താണ് സംഘം മടങ്ങിയത്.ആക്രമണവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന ഇരുപതോളം പേര്‍ക്കെതിരെ ചങ്ങരംകുളം പൊലീസ് കേസെടുത്തു.