IndiaNEWS

ഭര്‍ത്താവിനെ തേടി ബംഗ്ലാദേശി യുവതി ഉത്തർപ്രദേശിൽ

നോയിഡ:വിവാഹത്തിനു ശേഷം നാടുവിട്ട ഭര്‍ത്താവിനെ തേടി ബംഗ്ലാദേശി യുവതി ഇന്ത്യയില്‍. നോയിഡ സ്വദേശിയായ സൗരഭ് കാന്ത് തിവാരിയെ തേടിയാണ് സാനിയ അക്തര്‍ എന്ന യുവതി കുഞ്ഞുമായി രാജ്യത്തെത്തിയത്.

ധാക്കയില്‍ ജോലി ചെയ്തിരുന്ന സൗരഭുമായി സാനിയ പ്രണയത്തിലാവുകയും മൂന്നു വര്‍ഷം മുന്‍പ് ഇരുവരും വിവാഹിതരാവുകയും ചെയ്തു. മുസ്‍ലിം മതാചാര പ്രകാരമായിരുന്നു കല്യാണം. സാനിയ ഗര്‍ഭിണിയായിരുന്ന സമയത്താണ് സൗരഭ് ജോലി ആവശ്യത്തിനായി ഇന്ത്യയിലേക്ക് മടങ്ങിയത്. കുറച്ചു ദിവസത്തിനകം മടങ്ങിവരാമെന്നും പറഞ്ഞ് നാട്ടിലേക്ക് പോയ സൗരഭ് മടങ്ങിവന്നില്ല. ധാക്കയില്‍ കള്‍ട്ടി മാക്സ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡിലാണ് സൗരഭ് ജോലി ചെയ്തിരുന്നതെന്നും സൗരഭിനൊപ്പം ഇന്ത്യയിലോ ബംഗ്ലാദേശിലോ എവിടെ വേണമെങ്കിലും താമസിക്കാന്‍ താന്‍ തയ്യാറാണെന്നും  യുവതി വ്യക്തമാക്കി.

നോയിഡയിലെത്തിയ സാനിയയെ നോയിഡ സെക്ടര്‍ 62 പൊലീസ് തടഞ്ഞുവയ്ക്കുകയും തടങ്കല്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയുമാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അടുത്തിടെ പാക്കിസ്ഥാൻ യുവതിയും കാമുകനെ തേടി നോയിഡയിൽ എത്തിയിരുന്നു.

Back to top button
error: