KeralaNEWS

രണ്ടു വർഷമായി കേന്ദ്ര വിഹിതമില്ല;പെന്‍ഷന്‍ വിതരണം മുടങ്ങാതെ കൊണ്ടുപോകാന്‍ എല്‍ഡിഎഫ് സര്‍ക്കാറിനായത് അഭിമാനകരമായ നേട്ടം: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം:കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ട വിഹിതം രണ്ട് വര്‍ഷമായി നല്‍കുന്നില്ലെന്നും എന്നിട്ടും പെന്‍ഷന്‍ വിതരണം മുടങ്ങാതെ കൊണ്ടുപോകാന്‍ എല്‍ഡിഎഫ് സര്‍ക്കാറിനായത് അഭിമാനകരമായ കാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിബന്ധന പൂര്‍ത്തിയാക്കിയിട്ടും 2021 ജനുവരി മുതലുള്ള കേന്ദ്രവിഹിതമായ 580 കോടി രൂപ ഇതുവരെ ലഭിച്ചിട്ടില്ലെന്നും തന്റെ  ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഓണം പ്രമാണിച്ച്‌ എല്ലാ ഗുണഭോക്താക്കള്‍ക്കുമുള്ള രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻ നല്‍കുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെൻഷൻ നല്‍കുന്നതിനായി 212 കോടി രൂപയുമുള്‍പ്പെടെ 1,762 കോടി രൂപയുമാണ് ഇതിനായി അനുവദിച്ചത്.

60 ലക്ഷത്തോളം പേര്‍ക്കാണ് 3,200 രൂപ വീതം പെൻഷന്‍ ലഭിക്കുക. ഓഗസ്റ്റ് 23 നുള്ളില്‍ പെൻഷൻ വിതരണം പൂര്‍ത്തിയാക്കും. സാമൂഹ്യസുരക്ഷാ പെൻഷനുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ട വിഹിതം മുടങ്ങി 2 വര്‍ഷമായിട്ടും പെൻഷൻ വിതരണം മുടങ്ങാതെ കൊണ്ടുപോകാൻ എല്‍ഡിഎഫ് സര്‍ക്കാരിനായത് അഭിമാനകരമായ കാര്യമാണ്.

Signature-ad

എല്ലാത്തരം ധനസഹായങ്ങളും തങ്ങളുടെ പി.എഫ്.എം.എസ്. സോഫ്റ്റ്വെയര്‍ വഴി തന്നെയാകണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിബന്ധന പൂര്‍ത്തിയാക്കിയിട്ടും 2021 ജനുവരി മുതല്‍ സംസ്ഥാന സര്‍ക്കാര്‍ എൻ.എസ്.എ.പി. ഗുണഭോക്താക്താക്കള്‍ക്ക് വിതരണം ചെയ്ത ധനസഹായത്തിന്റെ കേന്ദ്രവിഹിതമായ 580 കോടി രൂപ ഇതുവരെ ലഭിച്ചിട്ടില്ല. 6,88,329 പേര്‍ക്കാണ് മാത്രമാണ് എൻ.എസ്.എപി വഴി കേന്ദ്ര സഹായം ലഭിക്കുന്നത്.

കേന്ദ്ര വിഹിതം ലഭിക്കാതിരുന്നിട്ടും 2021 ജനുവരി മുതല്‍ എൻ.എസ്.എ.പി. ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ പെൻഷൻ അര്‍ഹതയുള്ള എല്ലാ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കള്‍ക്കും മുഴുവൻ തുകയും സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്നു. ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പു വിട്ടുവീഴ്ചയില്ലാതെ സര്‍ക്കാര്‍ പാലിക്കുകയാണ്. ഒരുമിച്ച്‌ ഒരേ മനസ്സോടെ നമുക്കു മുന്നോട്ടു പോകാം.

Back to top button
error: